fir

വിതുര: വിതുര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് കൈമുതൽ അവഗണനയും പരിമിതികളും മാത്രം.2014 ലാണ് വിതുരയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ വകയായുള്ള കാലപ്പഴക്കം ചെന്ന രണ്ട് ക്വാർട്ടേഴ്സുകളിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികളായതിനാൽ ഇവിടെ ജീവനക്കാർക്ക് നിന്ന് തിരിയുവാൻ പോലും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവിടെയുള്ള 41 ജീവനക്കാർ ഡ്യൂട്ടി ചെയ്യുന്നത്. ഫയർ സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കുമെന്ന് അധികൃതർ അടിക്കടി വാഗ്ദാനം നൽകുമെങ്കിലും അത് കടലാസിലുറങ്ങുകയാണ്.ആറ് പഞ്ചായത്തുകളും പൊന്മുടി, ബോണക്കാട്,ബ്രൈമൂർ തുടങ്ങിയ തോട്ടം-ആദിവാസി മേഖലകളും സ്റ്റേഷന്റെ പരിധിയിലാണ്. ഒരു ആംബുലൻസും ഒരു ജീപ്പും രണ്ട് യൂണിറ്റ് വാഹനങ്ങളുമാണ് സ്റ്റേഷൻ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നത്. ഇതിനിടെ ആംബുലൻസ് വെഞ്ഞാറമൂട്ടിലേക്കും ജീപ്പ് ചാക്ക സ്റ്റേഷനിലേക്കും കൊണ്ടു പോയി. രണ്ട് യൂണിറ്റിൽ ഒരെണ്ണം കട്ടപ്പുറത്താണ്. ഇൗ വാഹനത്തിന്റെ സ്റ്റിയറിംഗ് വീൽ ബാലൻസ് സിസ്റ്റം മാസങ്ങൾക്കുമുൻപ് തകരാറായതാണ് കാരണം. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.

രക്ഷാ പ്രവർത്തനം പാളുന്നു

വാഹനങ്ങളുടെ തകരാർ പലപ്പോഴും രക്ഷാപ്രവർത്തനത്തിന് തടസമാകാറുണ്ട്. ജീപ്പ് ഇല്ലാത്തതുമൂലം വനമേഖലകളിലെത്താനും ചെറിയ വഴികളിലൂടെ എത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്താനും ബുദ്ധിമുട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റ് ഭീഷണി ഉയർത്തിയപ്പോൾ വർക്കലയിൽ നിന്ന് ഫയർ എൻജിനും കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്‌സ് ആംബുലൻസും എത്തിച്ചാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. നിയമമമനുസരിച്ച് എട്ട് കിലോമീറ്റർ ചുറ്റളവിൽ ഒരു ഫയർ സ്റ്റേഷൻ വേണം. വിതുരയിൽ നിന്നും പതിനഞ്ച് കിലോമീറ്റർ ദൂരെ നെടുമങ്ങാട്ടാണ് തൊട്ടടുത്ത് ഫയർ സ്റ്റേഷനുള്ളത്. പാലോട് കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും യാഥാർത്ഥ്യമായിട്ടില്ല.

പ്രവർത്തനമേഖല

വിതുര

നന്ദിയോട്

പെരിങ്ങമ്മല

തൊളിക്കോട്

ആര്യനാട്

ഉഴമലയ്ക്കൽ

"വിതുര ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് വേണ്ടത്ര വാഹനങ്ങളും പുതിയ മന്ദിരവും അനുവദിക്കണം. ഇതിനായി

അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."

ഫെഡറേഷൻസ് ഒാഫ് റസിഡന്റ്

അസോ. വിതുര മേഖലാകമ്മിറ്റി