nambi

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്​റ്റിസ് ഡി.കെ. ജെയിൻ അദ്ധ്യക്ഷനായ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പു തുടങ്ങി. ഇന്നലെ സെക്രട്ടേറിയ​റ്റ് അനക്സിൽ നടന്ന തെളിവെടുപ്പിൽ, കേസിൽ കു​റ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഹാജരായി മൊഴി നൽകി. സമിതിയിൽ പൂർണ വിശ്വാസമുണ്ടെന്നും മതിയായ ഗൃഹപാഠം ചെയ്തശേഷമാണ് സമിതി അന്വേഷണം നടത്തുന്നതെന്നും നമ്പിനാരായണൻ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടന്ന തെളിവെടുപ്പിൽ ജസ്​റ്റിസ് ഡി.കെ.ജയിൻ ഡൽഹിയിൽ നിന്നു പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരവകുപ്പിലെ മുൻ അഡിഷണൽ സെക്രട്ടറി ബി.കെ. പ്രസാദ്, സംസ്ഥാനത്തെ മുൻ അഡി. ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരാണ് സമിതിയിലെ മ​റ്റു പ്രതിനിധികൾ. തെളിവെടുപ്പ് ചൊവ്വാഴ്ചയും തുടരും. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്.വിജയൻ എന്നിവർ ഗൂഢാലോചന നടത്തിയോ എന്നതടക്കമുള്ള വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്. കു​റ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സുപ്രീംകോടതിയോട് ശുപാർശ ചെയ്യാൻ സമിതിക്ക് അധികാരമുണ്ട്.

ഇവർക്കു പുറമെ ചാരക്കേസ് അന്വേഷിച്ചിരുന്ന ഇന്റലിജൻസ് ബ്യൂറോയിലെയും സി.ബി.ഐയിലേയും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതേത്തുടർന്നാണ് സമിതിയെ നിയോഗിച്ചത്.