kovalam

കോവളം: വിഴിഞ്ഞത്തെ ലീവേർഡ് വാർഫിനെ തിരയേറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ ടെട്രോപോഡുകൾ സ്ഥാപിച്ച് കവചമൊരുക്കുന്നു. എട്ട് ടൺ ഭാരമുളള 2000 ടെട്രോപോഡുകളാണ് സ്ഥാപിക്കുക. മാരിടൈം ബോർഡിന്റെ ആവശ്യപ്രകാരം തുറമുഖ എൻജിനിയറിംഗ് വകുപ്പാണ് ടെട്രാപോഡുകൾ നിർമ്മിച്ച് കടലിൽ സ്ഥാപിക്കുക. ലീവേർഡ് വാർഫിലെ മീൻപിടിത്ത തുറമുഖത്തിന്റെ പുലിമുട്ടിനെ (ബ്രേയ്ക്ക് വാട്ടർ) ബലപ്പെടുത്താനാണ് ടെട്രാപോഡുകൾ സ്ഥാപിക്കുക. നേരത്തെ സീവേർഡ് വാർഫിൽ ഇത്തരത്തിലുളള ടെട്രാപോഡുകൾ അടുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീവേർഡിലും ടെട്രാപോഡുകൾ അടുക്കുന്നതെന്ന് തുറമുഖ എൻജിനിയറിംഗ് വകുപ്പിന്റെ വിഴിഞ്ഞം എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്.അനിൽകുമാർ പറഞ്ഞു.

900 എണ്ണം നിർമ്മിച്ചു

വിഴിഞ്ഞത്തുള്ള മാരിടൈം ബോർഡിന്റെ വളപ്പിലാണ് ഇവ നിർമ്മിക്കുന്നത്. 2000 ടെട്രാ പോഡുകളാണ് നിർമ്മിക്കേണ്ടത്. ഇവയിൽ 900 എണ്ണം നിർമ്മിച്ചു. നാലുതൂണുകളെ ഒറ്റ ഫ്രെയിമിൽ സമന്വയിപ്പിക്കുന്ന തരത്തിലാണ് ഇവയെ നിർമ്മിച്ചത്. വലിയ തിരമാലയടിക്കുമ്പോൾ അവയുടെ ശക്തികുറയ്ക്കുന്ന തരത്തിലാണ് നിർമ്മാണം. 7.3 കോടി രൂപയാണ് ചെലവ്. വാർഫിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്നതിന് മുമ്പായി പലവലിപ്പത്തിലുളള കരിങ്കല്ലുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായശേഷം ടെട്രാപോഡുകൾ ഇതിന് പുറത്ത് അടക്കും.