
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെണ്ണലിനോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കോർപറേഷനിലെ വോട്ടെണ്ണൽ കേന്ദ്രമായ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ ഐ.സി.എസ്.ഇ സ്‌കൂളിലും പോത്തൻകോട് ബ്ലോക്കിലെ വോട്ടെണ്ണൽ കേന്ദ്രമായ കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുളളത്. കമ്മിഷണർ, ഡി.സി.പി ഡോ.ദിവ്യ.വി.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ 750ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. കൗണ്ടിംഗ് സെന്ററുകൾ, പരിസരപ്രദേശങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പാർക്കിംഗ് പ്രദേശങ്ങൾ തുടങ്ങിയവ പ്രത്യേകം സെക്ടറുകളായി തിരിച്ച് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് സുരക്ഷ.5 അസിസ്റ്റന്റ് കമ്മിഷണർമാർ, 7 ഇൻസ്‌പെക്ടർമാർ,14 എസ്.ഐമാർ, 49 എ.എസ്.ഐമാർ, 156 വനിതാ പൊലീസ് ഉദ്യോഗസ്ഥർ, 510 പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സേനയെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. എല്ലാ സബ് ഡിവിഷനുകളിലും പ്രശ്നബാധിതപ്രദേശങ്ങളിലും പ്രത്യേകം സ്‌ട്രൈക്കിംഗ് ഫോഴ്സുകളെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ സംഘർഷസാദ്ധ്യതയുളള എല്ലാ പ്രദേശങ്ങളിലും പ്രത്യേക പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥർ,അവശ്യസർവീസ് ഉദ്യോഗസ്ഥർ,സ്ഥാനാർത്ഥികൾ,കൗണ്ടിംഗ് ഏജന്റുമാർ എന്നിങ്ങനെ പ്രത്യേക കൗണ്ടിംഗ് പാസുകൾ അനുവദിച്ചിട്ടുളളവരെ മാത്രമേ സെന്ററുകളിലേക്ക് പ്രവേശിപ്പിക്കൂ.
ഗതാഗതനിയന്ത്രണം
നാളെ രാവിലെ 7 മുതൽ വൈകിട്ട് മൂന്നു വരെ വോട്ടെണ്ണൽ കേന്ദ്രമായ നാലഞ്ചിറ മാർ ഇവാനിയോസ് കോളേജ് കാമ്പസ് പരിസരത്തും കേശവദാസപുരം, പരുത്തിപ്പാറ, നാലാഞ്ചിറ, കുരിശ്ശടി, മണ്ണന്തല വരെയുള്ള എം.സി റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും. കേശവദാസപുരം, പരുത്തിപ്പാറ, നാലാഞ്ചിറ, കുരിശടി വരെയുള്ള എം.സി റോഡിന് ഇരുവശവും അന്നേദിവസം ഒരു വാഹനങ്ങളും പാർക്ക്ചെയ്യാൻ അനുവദിക്കില്ല. ഇലക്ഷൻ കമ്മിഷന്റെ പാസ് ഇല്ലാത്ത ഒരു വാഹനവും മാർ ഇവാനയോസ് കോളേജ് കാമ്പസിനുള്ളിലേക്ക് കടത്തിവിടില്ല.
നോ പാർക്കിംഗ് സ്ഥലങ്ങൾ
കേശവദാസപുരം മുതൽ കുരിശടി ജംഗ്ഷൻ വരെയുള്ള എം.സി റോഡിന് ഇരുവശം,
നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് മെയിൻ ഗേറ്റിന് ഇരുവശവും,മണ്ണന്തല മുക്കോല -പേരൂർക്കട റോഡ്,
കേശവദാസപുരം -ഉള്ളൂർ റോഡ്.
പാർക്കിംഗ് സ്ഥലങ്ങൾ
മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട് (സ്ഥാനാർത്ഥികളുടെയും ബൂത്ത് ഏജന്റുമാരുടെയും വാഹനങ്ങൾക്ക് മാത്രം)
സർവോദയ സ്‌കൂൾ ഗ്രൗണ്ട് (ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രം)
നാലാഞ്ചിറ സ്റ്റെപ്പ് ജംഗ്ഷൻ മുതൽ മണ്ണന്തല
വരെയുള്ള റോഡിന്റെ പടിഞ്ഞാറുവശം
വഴിതിരിച്ചുവിടും
എം.സി റോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് മുക്കോല, പേരൂർക്കട അമ്പലമുക്ക്, കവടിയാർ, വെള്ളയമ്പലം, വഴി പോകേണ്ടതാണ്. കേശവദാസപുരം കുരിശ്ശടി വരെയുള്ള റോഡിൽ ഗതാഗതതടസം ഉണ്ടാകുന്നപക്ഷം വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കേശവദാസപുരം ഉള്ളൂർ – ശ്രീകാര്യം ചെമ്പഴന്തി പോത്തൻകോട് വഴി തിരിച്ചുവിടുന്നതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്. 04712558731, 2558732.