isro

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് മാറ്റിവച്ച സി.എം.എസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ഐ.എസ്.ആർ.ഒ 17ന് നടത്തും. വാർത്താവിനിമയ ഉപഗ്രഹമാണിത്.കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന വിക്ഷേപണങ്ങൾ നവംബർ 7ന് ഇ.ഒ.എസ്- 01ന്റെ വിക്ഷേപണത്തോടെ പുനരാരംഭിച്ചിരുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വൈകിട്ട് 3.41ന് കുതിച്ചുയരും. പി.എസ്.എൽ.വി.സി.50 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

2011ൽ വിക്ഷേപിച്ച ജിസാറ്റ്-1 ഉപഗ്രഹത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് സി.എം.എസ്. 1 ഉപഗ്രഹം വിക്ഷേപിക്കുന്നത്.

പേര് മാറ്റൽ നയത്തെ തുടർന്നാണ് ജിസാറ്റ് -12ആർ. എന്ന പേരിട്ടിരുന്ന ഉപഗ്രഹത്തിന്റെ പേര് സി.എം.എസ്. 1 എന്നാക്കിയത്. 1410കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ് ഏഴ് വർഷമാണ്.ഫ്രീക്വൻസി സ്‌പെക്ട്രത്തിന്റെ സി ബാൻഡിൽ സേവനങ്ങൾ നൽകാൻ വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യയുടെ 42ാമത്തെ ആശയവിനിമയ ഉപഗ്രഹമാണ്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 77ാമത്തെ വിക്ഷേപണ ദൗത്യമാണിത്.

ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള വാർത്താവിനിമയ ഉപഗ്രഹമാണ്.