001

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെയെത്തും.16 കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് അടിസ്ഥാനത്തിലാകും നടക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണൽ നടക്കുന്നത് പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും അതിയന്നൂർ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തൻകോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണൽ. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണൽ വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലും വർക്കല ബ്ലോക്കിലേത് വർക്കല ശിവഗിരി എസ്.എൻ കോളേജിലും ചിറയിൻകീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. കിളിമാനൂർ എച്ച്.എസ്.എസിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ നടക്കും. വാമനപുരം ബ്ലോക്കിലെ വോട്ടെണ്ണൽ വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപറേഷനിലെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളിൽ നടക്കും.വർക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ വർക്കല മുനിസിപ്പൽ ഓഫീസിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിൻകര ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.


 വോട്ടെണ്ണൽ വാർഡ് ക്രമത്തിൽ; ആദ്യം പോസ്റ്റൽ വോട്ട്

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാകും വോട്ടെണ്ണൽ നടക്കുക.ആദ്യം സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റും തപാൽ വോട്ടുകളുമാണ് എണ്ണുന്നത്. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിംഗ് ടേബിൾ എന്ന രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും കൗണ്ടിംഗ് ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും ഓരോ തവണയും സ്‌ട്രോംഗ് റൂമിൽനിന്ന് കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക. ത്രിതല പഞ്ചായത്തുകൾക്ക് ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുണ്ടാകും. കോർപറേഷനിലും മുനിസിപ്പാലിറ്റിയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറെയും ഒരു കൗണ്ടിംഗ് അസിസ്റ്റന്റിനേയുമാണു നിയമിച്ചിട്ടുള്ളത്. ടാബുലേഷൻ, പാക്കിംഗ് എന്നിവയ്ക്കും പ്രത്യേകം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.


കൊവിഡ് പ്രോട്ടോക്കോൾ 'മസ്റ്ര്'

വോട്ടെണ്ണൽ നടപടികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം

വിജയികളുടെ ആഹ്ലാദപ്രകടനത്തിലും കൊവിഡ് മാനദണ്ഡങ്ങൾ ബാധകം

ഇന്ന് 16 വോട്ടെണ്ണൽ കേന്ദ്രങ്ങളും അണുവിമുക്തമാക്കും.

കൗണ്ടിംഗ് ഓഫീസർമാർ കൈയുറ, മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ഉപയോഗിക്കണം.

സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധം.

വോട്ടെണ്ണൽ ഹാളിന് അകത്തും പുറത്തും ആൾക്കൂട്ടം പാടില്ല

 പ്രവേശനം സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്നുപേർ മാത്രം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി, ചീഫ് ഇലക്ഷൻ ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നിവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുമതിയുള്ളവർക്ക് കൗണ്ടിംഗ് പാസ് നിർബന്ധമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവ വോട്ടെണ്ണൽ നടക്കുന്നിടത്ത് കൊണ്ടുപോകാൻ അനുവദിക്കില്ല. ജയിച്ച സ്ഥാനാർത്ഥികൾ നടത്തുന്ന ആഹ്ലാദ പ്രകടനത്തിലും മറ്റും ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും വോട്ടെണ്ണൽ സംബന്ധിച്ച് കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിൽ കളക്ടർ അഭ്യർത്ഥിച്ചു. എ.ഡി.എം വി.ആർ വിനോദ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി.സാമുവൽ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.