12

തിരുവനന്തപുരം: സ്കൂട്ടറിൽ യാത്രചെയ്ത മാദ്ധ്യമ പ്രവർത്തകൻ പള്ളിച്ചൽ ഗോവിന്ദ ഭവനിൽ എസ്.വി. പ്രദീപ് (44) അജ്ഞാതവാഹനം ഇടിച്ച് മരിച്ചു. പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്ത്

ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെവന്ന വാഹനം പ്രദീപിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. വാഹനം ഏതാണെന്ന് രാത്രി വൈകിയും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടർന്ന് ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും.

തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപം അതേ ദിശയിൽ വന്ന വാഹനം സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രദീപ് ഒരു വശത്തേക്കു തെറിച്ചുവീണു. ഇടിച്ച വണ്ടി നിറുത്താതെ പോയി.

ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ നേരത്തേ വാർത്ത അവതാരകനായിരുന്നു. ഭാര്യ: ബാലരാമപുരം ഗവ: ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ശ്രീജാ നായർ. മകൻ- സിനോ എസ്. നായർ.

മരണത്തിൽ ദുരൂഹത

ഓൺലൈൻ ചാനൽ രംഗത്ത് സജീവമായപ്പോൾ തന്നെ പ്രദീപിന് ഫോണിലൂടെ നിരവധി ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഓൺലൈൻ ചാനലുകളിൽ പ്രദീപ് നൽകിയ വാർത്തകൾ പിൻവലിക്കാൻ വേണ്ടിയായിരുന്നു ഭീഷണി കാളുകൾ വന്നിരുന്നത്. അതൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.

സി.സി ടിവി കാമറയില്ല

സംഭവസ്ഥലത്ത് സി.സി.ടിവി കാമറകൾ ഇല്ലെന്നും സമീപത്തെ വീടുകളിലോ കടകളിലോ കാമറകൾ ഉണ്ടെങ്കിൽ അതടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും നേമം പൊലീസ് പറഞ്ഞു. ദൃക്‌സാക്ഷികളുണ്ടെങ്കിൽ അവരുടായും മൊഴിയെടുക്കും. ഫോർട്ട് എ.സി.പി പ്രതാപൻ നായരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ് ചുമതലപ്പെടുത്തി. നേമം എസ്.എച്ച് ഒയോട് പ്രാഥമിക വിവരം നൽകാനും എസി.പി നിർദ്ദേശം നൽകി.

ദുരൂഹത അന്വേഷിക്കണം

സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. പ്രദീപിന്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ടെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പിന്നാലെ വന്ന വാഹനമാണ് ഇടിച്ചിട്ട് നിറുത്താതെ പോയത്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാദ്ധ്യമപ്രവർത്തകനായിരുന്നു പ്രദീപ് എന്നും സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.