തിരുവനന്തപുരം: നാളെ പെട്ടിപൊട്ടിച്ച് കോർപറേഷനിലെ വോട്ടുകൾ എണ്ണുമ്പോൾ സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയെല്ലാം ഹൃദയമിടിപ്പിന്റെ വേഗം കൂടും. വീറും വാശിയുമേറിയ ത്രികോണ മത്സരം നടന്ന കോർപറേഷനായതിനാൽ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധകൂടി തലസ്ഥാനം ആകർഷിച്ചുകഴിഞ്ഞു. വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തറപ്പിച്ചു പറയുന്നതിനു പകരം വോട്ടെടുപ്പിന്റെ അടുത്ത ദിനത്തിൽ തന്നെ വോട്ടുമറിക്കൽ ആരോപണ പ്രത്യാരോപണങ്ങളാണ് മൂന്നു മുന്നണി നേതാക്കളും നടത്തിയത്. 25 വാർഡുകളിൽ യു.ഡി എഫ്-ബി.ജെ.പി ധാരണയുണ്ടാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ജയസാദ്ധ്യതയുണ്ടായിരുന്ന വാർഡുകളിൽ സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടാക്കിയെന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ ആരോപണം. 21 വാർഡുകളിൽ സി.പി.എം കോൺഗ്രസിന് വോട്ടുമറിച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും പറഞ്ഞു. വോട്ട് എങ്ങോട്ടൊക്കെ മറിഞ്ഞെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അടിയൊഴുക്കുകളും റിബലുകളും മാത്രമല്ല,​ അപരന്മാർ കൂടി ജയപരാജയം നിർണയിക്കുന്ന തിര‌ഞ്ഞെടുപ്പാകും ഇതെന്ന് ഉറപ്പാണ്. നഗരസഭ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് മൂന്ന് മുന്നണി നേതൃത്വവും പങ്കുവയ്‌ക്കുന്നത്. 55 മുതൽ 62 സീറ്രുവരെ നേടുമെന്ന് എൽ.ഡി.എഫും 50 മുതൽ 58 വരെ സീറ്റ് നേടുമെന്ന് എൻ.ഡി.എയും 44 മുതൽ 55 വരെ സീറ്റുകൾ നേടുമെന്ന് യു.ഡി.എഫ് നേതാക്കളും കണക്കുകൂട്ടുന്നു. ശക്തമായ പ്രചാരണം നടത്തിയ തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) എത്രത്തോളം വോട്ടുപിടിക്കുമെന്നത് പല അപ്രതീക്ഷിത ജയപരാജയങ്ങൾക്കും കാരണമാകും. പെരുന്താന്നി, ചാല, കരമന, ശ്രീവരാഹം, ശ്രീകണ്ഠേശ്വരം, പേട്ട, കരിക്കകം, പുഞ്ചക്കരി, തിരുവല്ലം. പാപ്പനംകോട്, പി.ടി.പി നഗർ, പൊന്നുമംഗലം, നെടുങ്കാട്, കുന്നുകുഴി, കമലേശ്വരം,​ വെള്ളാർ വാ‌ർഡുകളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. ഇവിടെ ആര് വിജയിക്കുമെന്ന് നൂറുശതമാനം ഉറപ്പിച്ചുപറയാൻ മൂന്നു മുന്നണികൾക്കും കഴിയുന്നില്ല.