
കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം സ്റ്റേഡിയം നിർമ്മാണം പാതിവഴിയിൽ. ഇതിനിടെ നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതിയും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളർക്ക് പരാതി നൽകിയിരിക്കുകയാണ് പ്രദേശവാസികൾ.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് 30 വർഷങ്ങൾക്ക് മുൻപ് 30,000രൂപ ചെലവിട്ടാണ് മന്തിക്കളത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിയത്. എന്നാൽ വർഷങ്ങളായി പ്രഭാത സവാരിക്കും കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനും മാത്രമായാണ് ഈ സ്ഥലം ഉപയോഗിച്ചിരുന്നത്. ചുറ്റുമതിൽ, ഗാലറി എന്നിവ ഇല്ലാത്തതുകാരണം കായിക പ്രേമികൾ വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു
പഞ്ചായത്തിൽ നിരവധി കായിക താരങ്ങൾ ഉണ്ടെങ്കിലും പരിശീലനം നൽകാൻ ഒരു സ്റ്റേഡിയം ഇല്ലാതിരുന്നത് തിരിച്ചടിയായിരുന്നു. അനാഥമായിക്കിടന്ന മന്തിക്കളം സ്റ്റേഡിയത്തിനുവേണ്ടി വാങ്ങിയ ഭൂമി പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ യുവാക്കൾ നൽകിയ നിവേദനങ്ങളെ തുടർന്നാണ് സ്റ്റേജ്, ഗാലറി, ചുറ്റുമതിൽ എന്നിവ നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചത്.
ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപയും എം.എൽ.എയുടെ ഫണ്ടിൽ നിന്നും18 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
പരാതികൾ ഇങ്ങനെ...
ഗാലറി നിർമ്മാണ ഘട്ടത്തിൽ തന്നെ ക്രമക്കേടുകൾ ചൂണ്ടികാട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനിടെ സ്റ്റേജ് നിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു. സ്റ്റേഡിയത്തിനുള്ളിൽ കരിങ്കലും മൺകൂനയും നിറഞ്ഞുകിടക്കുന്നതിനാൽ പ്രഭാത സവാരിയും കായിക പരിശീലനവുമൊക്കെ നടക്കാതെയായി. ക രാറുകാരൻ യഥാസമയം നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ജില്ലാപഞ്ചായത്ത് ഫണ്ട് ലാപ്സായതായും ആക്ഷേപമുണ്ട്.
ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ നൽകി പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമം നടത്തിയതാണ്. യഥാസമയം നിർമ്മാണം പൂർത്തിയാക്കാൻ ശ്രമം നടത്തിയിട്ടും പദ്ധതി പൂർത്തിയാ യില്ല. ഇത് കുറ്റിച്ചലിലെ കായിക പ്രേമികളെ നിരാശരാക്കും.
ബിജു മോഹൻ, മുൻ ജില്ലാ പഞ്ചായത്തംഗം.