ബാലരാമപുരം: അപകടങ്ങൾ പതിവായ കരമന - കളിയിക്കാവിള ദേശീയപാതയിലെ അപകടങ്ങളിൽ പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവൻ. പാപ്പനംകോട് സത്യൻനഗർ പടർന്ന പ്ലാവിള കോമള ഭവനിൽ ജയരാജ് (42)​,​ വഴിമുക്ക് തയ്‌ക്കാപള്ളിക്കു സമീപം ലോറിക്കടിയിൽപ്പെട്ട് സഹോദരങ്ങളായ വഴിമുക്ക് പ്ലാങ്കാലവിളയിൽ ഷർമാൻ (21)​,​ ഷഫീർ (18),​​ മുടവൂർപ്പാറക്ക് സമീപം കാറിടിച്ച് നേമം ഇടക്കോട് വാറുവിളാകത്ത് വീട്ടിൽ രാജേഷ് (38),​ കാരയ്ക്കാമണ്ഡപത്തിന് സമീപമുണ്ടായ അപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് എന്നിവരാണ് മരിച്ചത്. ഇന്നലെ നടന്ന അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ബാലരാമപുരം എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കാർ ഡ്രൈവർ അഞ്ചൽ സ്വദേശി ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തു. അപകടം പതിവായതിന് പിന്നാലെ ബാലരാമപുരം ജംഗ്ഷൻ മുതൽ മുടവൂർപ്പാറ വരെയുള്ള ഭാഗം അപകടമേഖലയായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുടവൂർപ്പാറ നസ്രത്ത് ഹോം സ്‌കൂളിന് സമീപം യൂ ടേൺ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ബാലരാമപുരം മുടവൂർപ്പാറ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങൾ അമിതവേഗത്തിലെത്തുന്നതാണ് അപകടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.