
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാരെ അവഗണിച്ചതിനു പിന്നാലെ, ഈ മാസത്തെ പെൻഷൻ വിതരണവും മുടങ്ങി. മാസം പകുതിയായിട്ടും പെൻഷൻ തുക വിരമിച്ചവരുടെ അക്കൗണ്ടുകളിലെത്തിയില്ല. സർക്കാർ സഹകരണ സംഘങ്ങൾക്ക് പണം അനുവദിക്കാത്തതാണ് കാരണം.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് പെൻഷൻതുക അനുവദിക്കുന്നത് നീട്ടിക്കൊണ്ടുപോയത്. പണം അനുവദിക്കുന്നതിന് തടസമില്ലെന്ന് ഈ മാസം 7നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 9ന് പണം അനുവദിക്കാൻ ഉത്തരവിറങ്ങി. പിന്നേയും നടപടികൾ നീണ്ടുപോകുന്നതാണ് വിതരണം നീളാൻ കാരണം.
കെ.എസ്.ആർ.ടി.സിക്കായി രക്ഷാപാക്കേജിൽ. ഭാവിയിൽ പെൻഷൻ വിതരണം എങ്ങനെയെന്ന് പറഞ്ഞിരുന്നില്ല. അതോടെ ,കടുത്ത ആശങ്കയിലാണ് പെൻഷൻകാർ. സർക്കാർ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള കരാർ മാർച്ച് വരെയേയുള്ളൂ. ശേഷം എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
പെൻഷൻ സ്ഥിരമായി മുടങ്ങിയിരുന്ന സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്നും പെൻഷൻ മുടങ്ങിയപ്പോൾ ആദ്യം ബാങ്ക് വായ്പയിലൂടെയും 2018 ഫെബ്രുവരി ഒൻപതിനുണ്ടാക്കിയ കരാർ പ്രകാരം സഹകരണ സംഘങ്ങളിലൂടെയും പെൻഷൻ വിതരണം നടത്തി. ഇതിന്റെ പലിശ ഉൾപ്പെടെ സർക്കാരാണ് നൽകി വരുന്നത്. എന്നാൽ ഇതൊരു സ്ഥിരം ഏർപ്പാടായി സർക്കാർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണത്തിനു വേണ്ടിയാണഅ ടിക്കറ്റിൽ സെസ് ഏർപ്പെടുത്തിയത്. അതിപ്പോഴും പിരിക്കുന്നുണ്ട്.