
തൃശൂർ: കേരള കലാമണ്ഡലം മുൻ സെക്രട്ടറിയും എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ (75) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു മാസം മുമ്പാണ് കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.
ശ്രീകേരളവർമ്മ കോളേജ് തൃശൂർ, ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി തൃശൂർ പ്രാദേശിക കേന്ദ്രം, എസ്.കെ.എം.ജെ ഹൈസ്കൂൾ കൽപ്പറ്റ, മാർ അത്തനേഷ്യസ് കോളേജ്, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1999ൽ കേരളവർമ്മയിൽ നിന്നു വകുപ്പ് മേധാവിയായി വിരമിച്ചു. 1945 ജൂലായ് നാലിന് കൈതള ഉണ്ണി നീലകണ്ഠന്റെയും കെ. കാർത്ത്യായനിയുടെയും മകനായി ജനനം. കേരള സർവകലാശാലയിൽ നിന്നു മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു. മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി.
കൊച്ചിൻ, കാലിക്കറ്റ് സർവകലാശാലകളിൽ സെനറ്റ് അംഗമായിരുന്നു. കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിലും അംഗമായിരുന്നു.
കവിതയ്ക്ക് ബാലാമണി അമ്മ സിൽവർ കപ്പ് (1963), സമഗ്ര സാഹിത്യ സംഭാവനയ്ക്ക് തൃശൂർ ഏയ്സ് ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്കാരം, അയനം സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം തുടങ്ങിയവ നേടി. ദേശീയ അംഗീകാരം നേടിയ മലമുകളിലെ ദൈവം, ശക്തൻ തമ്പുരാൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. എഫ്. എം കവിതകൾ (കവിതകൾ), അകൽച്ച, അകംപൊരുൾ പുറം പൊരുൾ, രാമവാര്യരുടെ ഓർമ്മപുസ്തകം (നോവലുകൾ), നിരൂപകന്റെ വിശ്വദർശനം, ഗാന്ധിയൻ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമർശനങ്ങൾ), മുദ്രാരാക്ഷസം, കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങൾ (എഡിറ്റർ) തുടങ്ങിയവയാണ് പ്രധാനകൃതികൾ.
ഭാര്യ: ഡോ. കെ. സരസ്വതി (റിട്ട. പ്രിൻസിപ്പൽ ശ്രീ കേരളവർമ്മ കോളേജ്) മക്കൾ: ജയസൂര്യ (സോഫ്റ്റ് വെയർ എൻജിനീയർ, ഹൈദരാബാദ്,), കശ്യപ് (സോഫ്റ്റ് വെയർ എൻജിനീയർ ടെക്സാസ്, യു.എസ്.എ), അപർണ (അബുദാബി). മരുമക്കൾ: ജ്യോതി (ഫാഷൻ ഡിസൈനർ, ഹൈദരാബാദ്), മഞ്ജുള (ടെക്സാസ്), മണികണ്ഠൻ (സോഫ്റ്റ്വെയർ എൻജിനീയർ, അബുദാബി)