thankaraj

നെയ്യാറ്റിൻകര: മുൻ എം.എൽ.എയും നെയ്യാറ്റിൻകര ബാറിലെ മുതിർന്ന അഭിഭാഷകനുമായ നെയ്യാറ്റിൻകര ആലുംമൂട് ജംഗ്‌ഷൻ സുഗത ഭവനിൽ അഡ്വ.എസ്.ആർ.തങ്കരാജ് (84) അന്തരിച്ചു. 1982 മുതൽ 92 വരെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടതുപക്ഷത്തെ ജനതാ പാർട്ടിയിൽ നിന്നുള്ള എം.എൽ.എയായിരുന്നു. നെയ്യാറ്റിൻകര കോടതിയിലെ നീണ്ട 50 വർഷത്തെ അഭിഭാഷക വൃത്തിക്കിടെ ബാർ അസോസിയേഷൻ പ്രസിഡൻറ്,താലൂക്ക് അർബൻ ബാങ്ക് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. താലൂക്ക് അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ജനതാ ഫോറം സംസ്ഥാന സെക്രട്ടറി, ഗാന്ധി മിത്ര മണ്ഡലം മുഖ്യ രക്ഷാധികാരി എന്നീ നിലകളിൽ തുടരുകയായിരുന്നു. കൊവിഡ് മഹാമാരിക്ക് മുൻപ് വരെ കോടതികളിൽ എത്തിയിരുന്ന അദ്ദേഹം, ഒരു വർഷത്തിന് മുൻപുണ്ടായ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1992 ൽ ഭാര്യ സുഗതയുടെ വിയോഗത്തെ തുടർന്ന് വീട് ഓഫീസാക്കി മാറ്റിയ ശേഷം മകൾ സിന്ധുവിനോടൊപ്പമായിരുന്നു താമസം. ഏക മകൻ ആർ.ടി.പ്രദീപ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. മൃതദേഹം ഇന്ന് രാവിലെ 11 ന് നെയ്യാറ്റിൻകര ആലുംമൂട്ടിലെ സുഗത ഭവനിൽ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം 4 മണിയോടെ കാഞ്ഞിരംകുളത്തെ കുടുംബ കല്ലറയിൽ അടക്കം ചെയ്യും.