
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം. ത്രിവത്സര നിയമ വിദ്യാർത്ഥികൾ (2016 അഡ്മിഷൻ), പഞ്ചവത്സര നിയമ വിദ്യാർത്ഥികൾ (2014 അഡ്മിഷൻ), കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവരും ഇന്റേണൽ മാർക്ക് 10-ൽ കുറവുളളവർക്കും അപേക്ഷിക്കാം. ഒരു സെമസ്റ്ററിലേക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാവൂ. ഒരു പേപ്പറിന് 525 രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100 രൂപ അടയ്‌ക്കണം. ഇതിൽ 105 രൂപ സർവകലാശാല ഫണ്ടിൽ (കെ.യു.എഫ്) അടയ്‌ക്കണം. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാഫാറം പ്രിൻസിപ്പലിന്റെ അനുമതിയോടുകൂടി 2021 ജനുവരി 8നോ അതിനുമുമ്പോ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പും മറ്റ് വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും.