
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ കത്തു നൽകി. മുഖ്യമന്ത്രിക്ക് പറയാനുള്ളത് കേട്ടശേഷം തീർപ്പ് കൽപ്പിക്കും. നടപടിക്രമങ്ങളുടെ ഭാഗമാണിതെന്നും കമ്മിഷണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യു.ഡി.എഫ്, ബി.ജെ.പി നേതാക്കളാണ് പരാതി നൽകിയത്. മൂന്നാംഘട്ട പ്രചാരണം അവസാനിക്കുന്നതിന് മിനുട്ടുകൾക്കു മുൻപായിരുന്നു കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് എതിരായ പരാതി സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷണർ പ്രതികരിച്ചത്. മുഖ്യമന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് ബോദ്ധ്യപ്പെടണം. മുഖ്യമന്ത്രി തന്നെ ഇക്കാര്യം രേഖാമൂലം വിശദീകരിക്കേണ്ടതുണ്ട്.
എത്രയുംവേഗം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സമയപരിധി വച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് തോന്നുന്നുവെങ്കിൽ, ചട്ടലംഘനത്തിന് സ്വീകരിക്കേണ്ട നടപടികളിലേക്ക് കമ്മിഷൻ കടക്കും.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ബീഹാർ തിരഞ്ഞെടുപ്പ് വേളയിൽ അവിടത്തെ മുഖ്യമന്ത്രി നിതീഷ്‌കുമാറും പറഞ്ഞിരുന്നു. ഇതിനെതിരെ വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷേ, അത് ചട്ടലംഘനമായി വിലയിരുത്തിയില്ല. അതേ നിലപാടായിരിക്കും സംസ്ഥാനത്തും സ്വീകരിക്കാൻ സാദ്ധ്യത. വോട്ടർമാരെ സ്വാധീനിക്കാൻ മനഃപൂർവം നടത്തിയതാണ് പ്രഖ്യാപനമെങ്കിൽ പരാതി ഗൗരവമായി പരിഗണിക്കേണ്ടിവരും.
കൊവിഡ് വാക്സിൻ നൽകുന്നത് കേന്ദ്ര മാർഗനിർദ്ദേശങ്ങളനുസരിച്ചാണെന്നിരിക്കെ ഒട്ടും അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ കരുതികൂട്ടി ചെയ്തതാണെന്നുമാണ് പ്രതിപക്ഷ ആരോപണം.
മന്ത്രി എ.സി. മൊയ്തീൻ നേരത്തെ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയിൽ തുടർ നടപടികൾ ഉണ്ടാകില്ല. ഏഴുമണി ആയിരുന്നു എന്ന ജില്ലാ കളക്ടറുടെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.