
വിദ്യാർത്ഥികൾ ആശങ്കയിൽ
തിരുവനന്തപുരം: എം.ബി.ബി.എസ് രണ്ടാം അലോട്ട്‌മെന്റിന്റെ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മോപ് അപ് ഓപ്ഷൻ രജിസ്ട്രേഷൻ അവസാനിക്കുന്നതിനാൽ ഏതൊക്കെ കോളേജുകളിൽ എത്ര സീറ്റുകൾ ഒഴിവുണ്ടെന്ന് അറിയാതെ ഓപ്ഷൻ നൽകേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. രണ്ടാം അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടാകുന്ന സീറ്റുകളാണ് ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിലൂടെ നികത്തുന്നത്. രണ്ടാം അലോട്ട്മെന്റ് പ്രവേശനം പൂർത്തിയാകുന്നത് 16ന് വൈകിട്ട് നാലിനാണ്. അതിനു ശേഷമേ കൃത്യമായ ഒഴിവുകൾ അറിയാൻ കഴിയു. എന്നാൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ 16ന് രാവിലെ 10ന് അവസാനിക്കും.
ഒഴിവ് മനസിലാക്കി ഓപ്ഷൻ നൽകാനുള്ള അവസരം ഇല്ലാതാകുന്നത് കുട്ടികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കും. അതേസമയം കഴിഞ്ഞ വർഷവും ഇതേരീതിയാണ് പിന്തുടർന്നിരുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. സ്വാശ്രയ കോളജുകളിലെ വിദ്യാർത്ഥികൾ സർക്കാർ കോളേജുകളിലേക്ക് മാറുമ്പോഴും സർക്കാർ കോളജുകളിൽ പ്രവേശനം ലഭിച്ചവർ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്ക് മാറുമ്പോഴും ഒഴിവുകൾ വരും. വിദ്യാർത്ഥികൾ കോളേജ് മാറുമ്പോൾ മുൻകൂട്ടി പ്രതീക്ഷിക്കാത്ത പലയിടത്തും ഒഴിവു വരുമെന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കാതെ ഓപ്ഷൻ സ്വീകരിക്കുന്നത്. ഏതു കോളേജിലേക്കും വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാൻ കഴിയും. അവസരം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ല. കോളജുകളിലെ ഒഴിവിനനുസരിച്ച് പ്രവേശനം നേടാമെന്നാണ് അധികൃതരുടെ വിശദീകരണം.
രണ്ടാം അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടാവുന്നതും കോളേജ് മാറ്റത്തിലൂടെ ഒഴിവു വരുന്നതുമായ സീറ്റുകളിലാണ് മോപ് അപ് അലോട്ട്മെന്റ്. ഒഴിവുകളുടെ അഞ്ച് മടങ്ങ് വിദ്യാർത്ഥികളെ ഓപ്ഷനുകൾ പരിഗണിച്ചും സംവരണം പാലിച്ചും സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് തിരഞ്ഞെടുക്കും. ഇവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ഫീസ് ബാധകമാവുകയെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിച്ചവരും അലോട്ട്മെന്റ് വഴിയല്ലാതെ മറ്റ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് തിരഞ്ഞെടുത്താൽ രേഖകൾ ഹാജരാക്കുകയും രജിസ്ട്രേഷൻ ഫീസടയ്ക്കുകയും വേണം. നിലവിൽ സർക്കാർ, സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചവർ രജിസ്ട്രേഷൻ ഫീസടയ്ക്കേണ്ട. കൂടാതെ ഇവർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാവേണ്ടതില്ല. സ്വാശ്രയ കോളേജുകളിൽ ബി.ഡി.എസ് പ്രവേശനം ലഭിച്ചവർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതില്ല.
പ്രവേശനം ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും
സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ 17ന് പ്രസിദ്ധീകരിക്കും. മോപ് അപ് അലോട്ട്മെന്റ് ലഭിക്കുന്നവരുടെ രജിസ്ട്രേഷൻ ഫീസ് ട്യൂഷൻ ഫീസിനത്തിൽ വകയിരുത്തും. പ്രവേശനം ലഭിക്കാത്തവർക്ക് ഫീസ് തിരികെ ലഭിക്കും. മോപ് അപ് അലോട്ട്മെന്റിന് ശേഷവും ഒഴിവ് വരുന്ന സീറ്രുകൾ, മോപ് അപ് റൗണ്ടിലെ ഓപ്ഷനുകൾ പരിഗണിച്ച് അതത് കോളേജുകളിൽ നികത്തും. ഹെൽപ്പ് ലൈൻ- 0471-2525300.