bineesh-kodiyeri

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് അറസ്​റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന ബിനീഷിന്റെ വാദവും കോടതി തള്ളി.

കേസന്വേഷണം പുരോഗമിക്കുകയാണെന്നും ബിനീഷുമായ ബന്ധമുള്ള നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി വാദിച്ചു. ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്​റ്റ് ചെയ്തത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസിൽ അറസ്​റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്.

അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിർണായകമായി. താൻ ബിനാമി മാത്രമാണെന്നും ബിനീഷാണ് ബോസെന്നും അനൂപ് മൊഴി നൽകിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്​റ്റ്‌ ചെയ്യുകയായിരുന്നു. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയെന്നാണ് ഇ.ഡി കണ്ടെത്തിയത്. ബിനീഷിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും പ്രതിയാക്കിയിട്ടില്ല. അതേസമയം, ബിനീഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തിയ കൃഷ്ണഗൗഡയെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.