
വാർത്തകളിലിടം നേടാൻ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് താനെന്നും ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകർച്ചയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്. 2019ലാണ് വിദേശ വ്യവസായി റിതേഷുമായുള്ള തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് രാഖി രംഗത്തെത്തിയത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പുറത്തുവിട്ട താരം ഭർത്താവിന്റെ ചിത്രം മാത്രം പങ്കുവെച്ചിരുന്നില്ല. ഇപ്പോൾ സാമ്പത്തികമായി തകർന്നു, കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് രാഖി പറയുന്നത്. "വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എങ്കിലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാൻ നശിപ്പിക്കില്ല. ദൈവം നൽകിയ സമ്മനമാണിത്. അതുകൊണ്ടു തന്നെ അമൂല്യമാണ്. ഇപ്പോൾ കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്" എന്നും രാഖി പറയുന്നു. ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്. ഒരു ധനികനെ വിവാഹം ചെയ്തപ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്നും രാഖി വ്യക്തമാക്കി. തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് റിയാലിറ്റി ഷോയിലൂടെ വിശദമാക്കാം എന്നും രാഖി പറഞ്ഞു.