
195 ബൂത്തുകളിൽ വീഡിയോഗ്രാഫി
കാസർകോട്: ജില്ലയിലെ 67 പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് ലൈവ് വെബ്കാസ്റ്റിംഗ് വഴി ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കളക്ടറേറ്റിലെ ഇലക്ഷൻ കൺട്രോൾ റൂമിൽ നിന്ന് തത്സമയം വീക്ഷിച്ചു. ബൂത്തുകളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കി, സമ്മതിദായകർക്ക് സുതാര്യമായി വോട്ട് ചെയ്യാൻ അവസരമൊരുക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കളക്ടർ ലൈവായി നിർദ്ദേശം നല്കി. കൊവിഡ് ചട്ടങ്ങൾ കർശനമായി ഉറപ്പുവരുത്താനും നിർദ്ദേശം നൽകി.വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തിലെ തത്സമയ ദൃശ്യങ്ങളാണ് കളക്ടർ വെബ്കാസ്റ്റിംഗ് വഴി നിരീക്ഷിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിലെ 99 പോളിംഗ് ബൂത്തുകളെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 32 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുന്നതിന് നെറ്റ് വർക്ക് സൗകര്യം ഇല്ലാത്തതിനാൽ ഇവിടങ്ങളിൽ വീഡിയോഗ്രാഫി ഏർപ്പെടുത്തി. ഇത് കൂടാതെ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തിയ 23 പ്രശ്നബാധിത ബൂത്തുകളിലും സ്ഥാനാർത്ഥികളുടെ സ്വന്തം ചെലവിൽ ആവശ്യപ്പെട്ടിട്ടുള്ള 134 ബൂത്തുകളിലൂം ഹൈക്കോടതി ഉത്തരവ് പ്രകാരം ആറ് ബൂത്തുകളിലും വീഡിയോഗ്രാഫി ഏർപ്പാടാക്കിയിരുന്നു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ. രമേന്ദ്രൻ, ജില്ലാ എൻ.ഐ.സി ഓഫീസർ കെ. രാജൻ, അക്ഷയ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അജിഷ തുടങ്ങിയവർ വെബ്കാസ്റ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. കെൽട്രോണും ബി.എസ്.എൻ.എല്ലും അക്ഷയയും ആണ് വെബ്കാസ്റ്റിംഗിന് സാങ്കേതിക സഹായം നൽകിയത്.