
മാഹി: മയ്യഴിയിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ വന്ധ്യംകരണം തുടങ്ങി. കുട്ടികൾക്കടക്കം നിരവധി ആളുകൾക്ക് കടിയേറ്റ സംഭവങ്ങളെ തുടർന്ന് നിരന്തര സമരം നടന്നിരുന്നു. മുഖ്യമന്ത്രിക്കും ലഫ്. ഗവർണർക്കും പരാതികളും നൽകിയിരുന്നു. മൂന്ന് വർഷത്തിനിടെ 652 പേർ നായയുടെ കടിയേറ്റ് മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഒൻപത് ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വാങ്ങിയെന്നാണ് കണക്ക്. കണ്ണൂർ ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് പട്ടികളെ വന്ധീകരിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പ് പാപ്പിനിശ്ശേരി കേന്ദ്രത്തിൽ വെച്ചാണ് വന്ധ്യംകരണം. പ്രത്യേക വാഹനത്തിൽ മാഹിയിൽ നിന്ന് കൊണ്ടുവരുന്ന പട്ടികളെ വന്ധ്യംകരിച്ച് മൂന്നാം നാൾ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടും. പളളൂരിലെ വെറ്റിനറി ഡോക്ടറും മറ്റ് രണ്ട് മുൻസിപ്പൽ ജീവനക്കാരും കേരള ടീമിനൊപ്പമുണ്ട്.