
മാഹി: വളർത്തു നായയെ കാറിന് പിന്നിൽ കെട്ടി കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ച് കൊടും ക്രൂരത ഏറെ ചർച്ചയായിരുന്നു. ഇങ്ങ് മാഹിയിൽ വാഹനമിടിച്ച് മുഖമാകെ ചിതറിപ്പോയ ഒരു തെരുവ് നായയെ കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വെറ്റിനറി ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സയും പരിചരണവും കൊണ്ട് സുഖപ്പെടുപ്പെടുത്തി.
ഏടന്നൂരിലെ കുഞ്ഞിപറമ്പത്ത് റിനീഷിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് വിശന്ന് അവശനായ ഒരു തെരുവ് നായ കയറി വന്നത്. സഹതാപം തോന്നിയ വീട്ടുകാർ ആഹാരം നൽകി. ഇത് പതിവായി. പട്ടിയുടെ അളവറ്റ സ്‌നേഹവും, ബുദ്ധിയും വീട്ടുകാരെ വല്ലാതെ ആകർഷിച്ചു. അതിനിടെയാണ് കഴിഞ്ഞ ദിവസം വാഹനം കയറി മുഖമാകെ ചിതറിപ്പോയത്. സങ്കടം സഹിക്കവയ്യാതെ റിനീഷ് കണ്ണൂർ ജില്ലാ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു. യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ ഡോ. ഷെറിൻ ബി. സരംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അതിവിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്താനായി. റോഡിൽ ചതഞ്ഞരഞ്ഞു പോയ പെരുമ്പാമ്പിനെ അടുത്തിടെയാണ് ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തിയത്. പൊലീസ് നായകളെയടക്കം ഇവിടെയാണ് ചികിത്സിക്കുന്നത്.