
''താമസിക്കുന്ന വീട്ടിൽ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാൻ എന്ന തോന്നൽ നിരന്തരം അലട്ടി. ആ ഒറ്റപ്പെടലിൽ എന്റെ ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു."" യു.എ. ഖാദറിന്റെ അനുഭവങ്ങൾ കഥകളെയും വെല്ലുന്നതായിരുന്നു. ആ ജീവിതത്തിലൂടെ...
ഒറ്റപ്പെടലിന്റെ നീറ്റലിൽ നിന്നാണ് യു.എ.ഖാദർ എന്ന കഥാകാരൻ ജന്മം കൊള്ളുന്നത്. പിറന്ന നാടും വീടും മാതൃഭാഷ പോലും ഉപേക്ഷിച്ച് ഒരു പരിചയവും ഇല്ലാത്തിടത്ത് അവഗണിക്കപ്പെട്ട് സ്നേഹസാന്ത്വനങ്ങൾ ലഭിക്കാതെ കഴിഞ്ഞ കുട്ടിക്കാലം. ആൾക്കൂട്ടത്തിന്റെ നടുവിൽ ഏകാന്തത. തീഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കി പകർന്നതാണ് അദ്ദേഹത്തിന്റെ കഥകൾ. ബർമ്മയിൽ (മ്യാൻമർ) കച്ചവടത്തിനു പോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിക്ക് ബർമ്മക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദർ. പ്രസവിച്ച് മൂന്നാം നാൾ അമ്മ മരിച്ചു. പിന്നെ പലരുടെയും കാരുണ്യത്തിൽ വളർന്നു. രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോൾ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തിൽ ഖാദറിന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാർത്ഥി ക്യാമ്പിൽ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിർബന്ധം അവഗണിച്ച്, ആ ഏഴു വയസുകാരനെ ചുമലിലേറ്റി, യുദ്ധഭൂമിയിൽ നിന്ന് ആ മനുഷ്യൻ കൊയിലാണ്ടിയിലേക്ക് ഓടിയെത്തി.
'താമസിക്കുന്ന വീട്ടിൽ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാൻ എന്ന തോന്നൽ നിരന്തരം അലട്ടി. ആ ഒറ്റപ്പെടലിൽ എന്റെ ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു."- ഒരിക്കൽ ഖാദർ പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് 'വിവാഹസമ്മാനം" എന്ന ആദ്യ കഥയെഴുതുന്നത്. 1952ൽ. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ആ കഥ പ്രസിദ്ധീകരിച്ചു. പത്രാധിപർ സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു. വായന ഒരിക്കലും വിടരുത് എന്ന് ഖാദറിനോട് നിർദ്ദേശിച്ച സി.എച്ച്, ചെക്കോവിന്റെയും മോപ്പാസാങിന്റെയും കഥകൾ വായിക്കാൻ നിർബന്ധിച്ചു. 'വിവാഹസമ്മാനം" എന്ന കഥ വായിച്ച് ഭംഗിയായി ഉടച്ചു വാർത്തത് സി.എച്ചാണെന്ന് പറയാൻ ഖാദർ മടിച്ചിരുന്നില്ല. പിന്നീട് 'കണ്ണുനീർ കലർന്ന പുഞ്ചിരി" എന്ന കഥ ചന്ദ്രികയിലെ മുതിർന്ന കഥാകാരൻമാരുടെ നിരയിലേക്ക് യു.എ.ഖാദറിനെ ഉയർത്തി. യു. അബ്ദുൽ ഖാദറിന് യു.എ.ഖാദർ എന്ന് പേര് നൽകിയതും സി.എച്ചായിരുന്നു. ജീവിതത്തിലെ ഒറ്റപ്പെടൽ സാഹിത്യത്തിലും അനുഭവിച്ചു. 'ചങ്ങല" എന്ന നോവൽ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന നിരീക്ഷണമുണ്ട്.
നിലമ്പൂരിലെ തടിക്കമ്പനിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആദിവാസികളുടെ ജീവിതത്തെ ആധാരമാക്കി 'വള്ളൂരമ്മ"നോവൽ എഴുതിയത്. 'ചെമ്പവിഴം", 'കാട്ടിലെ കഥകൾ" എന്നീ കൃതികളിലും ആദിവാസി ജീവിതമാണ് പ്രതിഫലിക്കുന്നത്. കെ. പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക", പി.വത്സലയുടെ നെല്ല് എന്നിവ വരുന്നതിന് മുമ്പാണ് 'വള്ളൂരമ്മ" എഴുതിയത്. പക്ഷേ, അത് ശ്രദ്ധ നേടിയില്ല. ഇസ്ലാം വിശ്വാസിയായിട്ടും ഖാദർ ഹൈന്ദവ മിത്തോളജിയെ സൂക്ഷ്മമായി കഥകളിലേക്ക് ആവാഹിക്കുകയായിരുന്നു. 'വരോളിക്കാവിലെ ഓലച്ചൂട്ടുതെറ", 'അഘോര ശിവം", 'വായേപാതാളം", 'തട്ടാൻ ഇട്ട്യേമ്പി", 'ചാത്തുക്കുട്ടി ദൈവം" എന്നിങ്ങനെ നിരവധി കൃതികൾ ഉദാഹരണങ്ങളാണ്. കുട്ടിക്കാലത്ത് കുടുംബത്തിൽ ആരും കൂട്ടുകൂടാതിരുപ്പോൾ തൊട്ടപ്പുറത്തെ കൊരയങ്ങാട്ടെ ചാലിയ തെരുവിലെ കുട്ടികളുമായിട്ടായിരുന്നു ഖാദറിന്റെ കൂട്ട്. നിറയെ കാവുകളുള്ള സ്ഥലം. അവിടെ തിറയും തെയ്യവും ഉത്സവവും നാഗപ്പാട്ട്, കളംപാട്ട്, തോറ്റം തുടങ്ങി ഒരുപാട് ഹൈന്ദവ ചടങ്ങുകളും ഉണ്ടാകും. എല്ലാറ്റിനും പോകുമായിരുന്നു. അന്ന് ഇന്നത്തെ പോലെ ജാതിമത ചിന്തകൾ കർശനമായിരുന്നില്ല എന്ന് ഒട്ടൊരു അത്ഭുതത്തോടെ ഞാനിപ്പോൾ തിരിച്ചറിയുന്നു എന്ന് ഖാദർ ഈയിടെ പറഞ്ഞത് വർത്തമാനകാലവുമായി ചേർത്ത് വായിക്കാം.