ayurveda

ആയുർവേദത്തിൽ വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്ന് കാര്യങ്ങളേയുള്ളൂ. ശരിയായ രോഗങ്ങളെ നിർണ്ണയത്തിന് ഇതൊന്നും മതിയാവില്ല... എന്നൊക്കെ പറയുന്നവരുണ്ട്. മിക്കവാറും രോഗങ്ങൾ ചികിത്സയൊന്നുമില്ലാതെ സ്വയമേവ കുറയുന്നതാണ്. അതുകൊണ്ടാണ് ആയുർവേദചികിത്സ ചെയ്യുന്നവരിലും ചില രോഗങ്ങൾ കുറയുന്നതായി കാണുന്നത്, അല്ലാതെ ആയുർവേദചികിത്സ കൊണ്ട് വലിയ കാര്യമില്ലെന്നുമാണ് ഇത്തരക്കാരുടെ വാദം.

ചികിത്സയുടെ സൗകര്യത്തിനായി ആയുർവേദത്തിൽ വാതരോഗങ്ങൾ 80 തരമായും പിത്ത രോഗങ്ങൾ 40 എണ്ണമായും കഫ രോഗങ്ങൾ 20 എണ്ണമായും തിരിച്ചിട്ടുണ്ട്. ഇവയിൽ തന്നെ ഓരോ രോഗങ്ങളും വാതം, പിത്തം, കഫം, ഇവയിൽ രണ്ടെണ്ണം വീതം ഒരുമിച്ചുള്ളത് (അത് തന്നെ മൂന്നുതരം), മൂന്നു ദോഷങ്ങളും ഒരുമിച്ചുള്ളത് എന്നിങ്ങനെ കുറഞ്ഞത് ഏഴുതരത്തിലാണ് ഓരോ രോഗങ്ങളും കാണാറുള്ളത്. അതുകൊണ്ടുതന്നെ, അവയുടെ ചികിത്സയും ഇതുപോലെ ഏത് ദോഷത്തിന് ?,ഏതൊക്കെ ഭാഗത്ത് ബാധിച്ചിരിക്കുന്ന രോഗത്തിന്?, രോഗിയുടെ പ്രകൃതം എന്നിവയെല്ലാം മനസ്സിലാക്കി അതിനൊത്ത ചികിത്സ തന്നെ വ്യവഛേദിച്ച് തീരുമാനിക്കേണ്ടിവരും.

രോഗം ശരിയായി നിർണ്ണയിക്കപ്പെട്ടാൽ മാത്രമേ ഈ വിധത്തിൽ രോഗശമനവും ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് ആയുർവേദത്തെക്കുറിച്ച് അത്രയൊന്നും പരിചയമില്ലാത്തവർക്ക്, 'ഒരു രോഗത്തിന് എന്തിനാണ് ഇത്രയും മരുന്നുകൾ? ഇവയിലേതെങ്കിലും ഉപയോഗിച്ചാൽ പോരെ?' എന്ന് ചോദിക്കാൻ തോന്നുന്നത്. അതുപോലെതന്നെ, ഏതെങ്കിലും ഒരു മരുന്നു വാങ്ങി ഇത് വാതരോഗത്തിനുള്ളത് എന്ന് പറയാൻ സാധിച്ചാൽപോലും, ഏത് ദോഷപ്രധാനമായിട്ടുള്ള അവസ്ഥയ്ക്കുള്ളതാണെന്ന് പറയാൻ ഇവർക്ക് കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ 'വാളെടുത്തവരൊക്കെ വെളിച്ചപ്പാട് ' എന്നുള്ള രീതിയിൽ ചിലർ ചികിത്സാരംഗത്ത് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെങ്കിൽ പോലും ആർക്കും എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഒരു മേഖലയല്ല ആയുർവേദം എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ പിന്നെ ആയുർവേദത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ലാത്ത ആൾക്കാർ പറയുന്നതിൽ എത്രമാത്രം കഴമ്പുണ്ടാകുമെന്ന് ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

പണ്ടൊക്കെ ആയുർവേദ ചികിത്സകർ ഒന്നുകിൽ കായചികിത്സ അഥവാ ജനറൽ മെഡിസിൻ ചെയ്തിരുന്നു. മരുന്നുകൾ കൊണ്ടുള്ള ചികിത്സകൾക്കാണ് അതിൽ പ്രധാന്യം. അല്ലെങ്കിൽ ശല്യ തന്ത്രം അഥവാ സർജറി ചെയ്തിരുന്നു. ശസ്ത്രകർമ്മങ്ങൾക്കും അനു ശസ്ത്രകർമ്മങ്ങൾക്കുമാണ് അതിൽ പ്രാധാന്യമുള്ളത്.

ചികിത്സയുടെ സൗകര്യാർത്ഥം ചികിത്സകരെ എട്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും പ്രാവീണ്യം നേടിയവർ അവരവരുടെ മേഖലയിലുൾപ്പെടുന്ന ചികിത്സകൾ ചെയ്തിരുന്നു. എട്ട് വിഭാഗത്തിലും അഗ്രഗണ്യരായ ചികിത്സകരെ അഷ്ഠ വൈദ്യന്മാർ എന്നാണ് വിളിച്ചിരുന്നത്. ആധുനിക ലോകത്ത് ഗവേഷണം എന്ന പേരിൽ ഗിനിപ്പന്നികളിലും പിന്നീട് മനുഷ്യരിലും പ്രയോഗിച്ച് ഫലം നിരീക്ഷിക്കുന്ന മരുന്നുകൾ അക്കാലത്ത് രാജാക്കന്മാരിലാണ് പ്രയോഗിച്ചിരുന്നതെന്ന് കാണാം. കാരണം പല മരുന്നുകളും അവർക്ക് വേണ്ടിയാണ് നിർമ്മിച്ചത് തന്നെ. ഫലപ്പെട്ടില്ലെങ്കിലോ, വിപരീതമായി ഭവിച്ചാലോ 'ചികിത്സകന്റെ തല പോകു'മെന്നകാരണത്താൽ അത്രമാത്രം സുരക്ഷിതമായ മരുന്നുകളാണ് ആയുർവേദത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് രോഗത്തിന്റെ താൽക്കാലിക ശമനങ്ങൾക്ക് പിറകേ പോകാതെ ആയുർവേദം വേറിട്ട് നിൽക്കുന്നത്.

ഒറ്റമൂലിയെക്കുറിച്ച്....

ആയുർവേദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് ഒറ്റമൂലി പ്രയോഗം.മറ്റെല്ലാ ചികിത്സകളും ചെയ്ത് തളരുമ്പോൾ ആയുർവേദത്തിലെ ഒറ്റമൂലി ചികിത്സ തേടിയെത്തുന്ന ആൾക്കാർ നിരവധിയാണ്. ഒറ്റമൂലി ചികിത്സ എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാ രോഗത്തിനും ഒരൊറ്റ മരുന്നുകൊണ്ടുള്ള ചികിത്സ മതിയെന്നും അതുതന്നെ ദീർഘനാൾ ചികിത്സ ആവശ്യമില്ലാത്തവിധം പെട്ടെന്ന് രോഗത്തെ വരുതിയിലാക്കാം എന്നുമാണ് ചിലരെങ്കിലും വിചാരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ആകർഷണമുള്ള ഒരു വാക്കായി ഒറ്റമൂലി പ്രയോഗം മാറിയിട്ടുണ്ട്.

ആയുർവേദ ചികിത്സയിൽ പലരോഗങ്ങൾക്കും ഒറ്റമൂലി ചികിത്സകൾ പറയുന്നുണ്ട്.എന്നാൽ അതേ രോഗത്തിന് തന്നെ ഈ ഒറ്റമൂലികൂടി ചേർത്തുണ്ടാക്കുന്ന നിരവധി യോഗങ്ങളും (കോമ്പിനേഷനുകൾ) പറഞ്ഞിട്ടുണ്ട്.ഇതിൽനിന്ന് തന്നെ ഏതെങ്കിലുമൊരു രോഗത്തിന് ഒറ്റ മരുന്നുകൊണ്ടുള്ള ചികിത്സ ആയുർവേദത്തിൽ സാദ്ധ്യമല്ലെന്നും അഥവാ അപ്രകാരം ആരെങ്കിലും അവകാശപ്പെട്ടാൽ അത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും മനസ്സിലാക്കണം.എന്നിട്ടും നിരവധി രോഗങ്ങൾക്ക് ഒരു ഒറ്റമൂലി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരും അത് വിശ്വസിച്ച് പിറകെ പോകുന്നവരും കുറവല്ല.

ഒരു രോഗത്തിൻറെ വിവിധ ഘട്ടങ്ങളിലും ദോഷാവസ്ഥയിലും പല തരത്തിലുള്ള ചികിത്സകൾക്കാണ് ആയുർവേദത്തിൽ പ്രാധാന്യമെന്നതിനാൽ അതിനുവേണ്ടി നിരവധി മരുന്നുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.രോഗത്തിന്റെയും രോഗിയുടെയും ആയുർവേദരീത്യാ പരിഗണിക്കേണ്ട വിഷയങ്ങൾക്കനുസരിച്ച് മരുന്നുകളും മാറും. അതിനാൽ ഏറ്റവും യോജിച്ച മരുന്നാണ് രോഗിയിൽ പ്രയോഗിക്കേണ്ടത്. ഉദാഹരണത്തിന് പ്രമേഹത്തിന് നെല്ലിക്ക നല്ലത് എന്ന് പറഞ്ഞാലും എല്ലാ പ്രമേഹത്തിനും അത് ഉപയോഗപ്പെടണമെന്നില്ല.(ആയുർവേദത്തിൽ പ്രമേഹം 20 തരമുണ്ടെന്ന് പറഞ്ഞു കൊള്ളട്ടെ ) പ്രമേഹത്തിൽ ഷുഗറിന്റെ അളവ് കുറയ്ക്കുവാനായി നെല്ലിക്ക നിർദ്ദേശിച്ചിട്ടുമില്ല.ഷുഗറിന്റെ അളവ് കുറയുമെന്ന ഒറ്റക്കാരണത്താൽ മറ്റേതെങ്കിലും മരുന്ന് പ്രമേഹത്തിന് ഒറ്റമൂലിയായി ആയുർവേദം അംഗീകരിക്കുന്നുമില്ല.

ഒറ്റമൂലി എന്ന വാക്ക് സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ വേണ്ടി ഫസ്റ്റ് എയ്ഡ് എന്ന പദത്തോട് ഉപമിക്കാം.നിലവിലുള്ള രോഗം വർദ്ധിക്കാതിരിക്കുകയും, മറ്റു രോഗങ്ങൾ കൂടി ഉണ്ടാകാതിരിക്കുകയും, വിദഗ്ധചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുന്നത് വരെ ആശ്വാസം ലഭിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതുമാണ് ആയുർവേദം നിർദ്ദേശിക്കുന്ന ഒറ്റമൂലികൾ എന്നുപറയാം. ഫസ്റ്റ് എയ്ഡ് അങ്ങനെയാണല്ലോ ഉപയോഗപ്പെടുത്തുന്നത്? ആയതിനാൽ പല രോഗങ്ങളിലും ഒറ്റമൂലികൾ പ്രയോജനപ്പെടുത്താം. എന്നാൽ അത് എത്രയും വേഗത്തിൽ ഡോക്ടറെ കണ്ട് ശരിയായി രോഗ നിർണ്ണയവും ചികിത്സയും നിശ്ചയിക്കുന്നതുവരെ മാത്രമേ പാടുള്ളൂ.