
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ മിനികോംപ്ലക്സ് നിർമ്മാണം പാതിവഴിയിലായിട്ടും പുനരാരംഭിക്കുന്നത് വൈകുന്നു. മൂന്നരക്കോടി മുതൽ മുടക്കിൽ ആരംഭിച്ച മന്ദിരത്തിന്റെ നിർമ്മാണമാണ് അനന്തമായി നീളുന്നത്. അക്ഷയ വ്യാപാര സമുച്ചയത്തിന് അടുത്താണ് മിനി കോംപ്ളക്സ് നിർമ്മാണം. 45 കടമുറികളുള്ള മിനി ഷോപ്പിംഗ് കോംപ്ലക്സിന്റെ പണി ആരംഭിച്ചിട്ട് നാല് വർഷം കഴിഞ്ഞു. ഏഴ് മാസത്തിലേറെയായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട്. കരാറുകാരന് പണം കുടിശ്ശിഖ വരുത്തിയതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം.
കരമന കളിയിക്കാവിള ദേശീയ പാത വികസനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടൗൺ പ്രദേശത്തുള്ള റോഡിന്റെ ഇരു വശങ്ങളിലേയും കടകൾ നഷ്ടപ്പെടുന്ന വ്യാപാരികളെ ലക്ഷ്യമാക്കി പണിയാരംഭിച്ച മിനി വാണിജ്യ സമുച്ചയമാണ് എങ്ങുമെത്താതെ ഭാർഗവീനിലയമായി തുടരുന്നത്. പുറത്തേക്ക് തള്ളിനിൽക്കുന്ന കമ്പികൾ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. നിലവിലെ അക്ഷയ കോംപ്ലക്സിന്റെ വാഹന പാർക്കിംഗ് സ്ഥലത്താണ് പുതിയ മിനി കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചത്. കോംപ്ലക്സ് നിർമ്മാണത്തിനു മുൻപ് ഈ സ്ഥലം സ്വകാര്യ ടെമ്പോ തൊഴിലാളികൾക്ക് പാട്ടത്തിന് കൊടുത്തിരുന്നു. കോംപ്ളക്സ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കരാറുകാരന് കുടിശിക നൽകാനുണ്ട്
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് നഗരസഭയുടെ മുൻ ചെയർമാനായിരുന്ന കരിയിൽ കൃഷ്ണപിള്ളയുടെ പേരിൽ മിനി ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം തുടങ്ങിയത്. യു.ഡി.എഫ് ഭരണസമിതി കെട്ടിടനിർമ്മാണത്തിലേക്ക് അനുവദിച്ചിരുന്നത് 38 ലക്ഷം രൂപ മാത്രമായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിൽ അധികാരത്തിലെത്തിയപ്പോൾ രണ്ട് കോടി അനുവദിച്ചുവെങ്കിലും നിർമ്മാണത്തിനുളള തുക തികയാതെ വരികയായിരുന്നു. നിർമ്മാണം നടന്നതിൽ കരാറുകാരന് ഇനിയും 70 ലക്ഷം നൽകാനുണ്ട്. പണം കിട്ടാതെ വന്നപ്പോൾ കരാറുകാരൻ പണി നിറുത്തുകയായിരുന്നു. തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്കും കരാറുകാരന്റെ കുടിശ്ശിഖയും ചേർത്ത് രണ്ട് കോടി രൂപയിലധികം ഇനിയും വേണ്ടി വരും.
നിർമ്മാണം നിലച്ചതോടെ
കമ്പികൾ ദ്രവിച്ചു തുടങ്ങി