
കണിച്ചുകുളങ്ങരയിൽ നടന്ന ഒരു 'റോഡപകടമാണ്" കേരളത്തിൽ നടക്കുന്ന റോഡപകടങ്ങളിൽ ചിലതെങ്കിലും വെറും റോഡപകടമല്ല എന്ന തിരിച്ചറിവ് സമൂഹത്തിന് നൽകിയത്. ലോറിയിടിച്ച് എവറസ്റ്റ് ചിട്ടി ഫണ്ടിന്റെ ഉടമയും സഹോദരിയും ഡ്രൈവറും മരിക്കാനിടയായത് ആസൂത്രിതമായി നടപ്പാക്കിയ അരും കൊലയാണെന്ന് അന്വേഷണത്തിൽ തെളിയുകയും ഹിമാലയ ചിട്ടി ഫണ്ടിന്റെ ഉടമകൾ ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. പ്രതികാരം നടത്താൻ റോഡപകടം സൃഷ്ടിക്കുന്ന തരത്തിൽ ക്രിമിനൽ ബുദ്ധി പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് റോഡപകടത്തിൽ സംഭവിക്കുന്ന മരണങ്ങൾ അതാവണമെന്നില്ല എന്ന സംശയം ഉണ്ടാകാൻ ഇടയാക്കിയത്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ മാദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് അജ്ഞാത വാഹനം ഇടിച്ച് മരണമടഞ്ഞ സംഭവത്തിൽ ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും സംശയം തോന്നുക തികച്ചും സ്വാഭാവികമാണ്. പ്രത്യേകിച്ചും ഇടിച്ച ടിപ്പർ ലോറി നിറുത്താതെ പോയ സാഹചര്യത്തിൽ സംശയങ്ങൾ ഇരട്ടിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനത്തെയും സർക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കിയ പല സംഭവങ്ങളെയും നിശിതമായി വിമർശിക്കുന്ന ശൈലിയാണ് പ്രദീപ് പിന്തുടർന്നിരുന്നത്. പ്രദീപിന് വധ ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ സംശയത്തിന്റെ മുന പലരിലേക്കും തിരിച്ചുവയ്ക്കാൻ ഊഹാപോഹങ്ങളുടെ വ്യാപാരികൾ ശ്രമിക്കുന്നതാണ് ഏതു സംഭവം നടക്കുമ്പോഴും പൊതുവെ ഇവിടെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെയാവാം ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകിയത്. വാഹനാപകടത്തിന്റെ കാമറ ദൃശ്യങ്ങളും ചില ദൃശ്യമാദ്ധ്യമങ്ങൾ കാണിച്ചിരുന്നു. അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങൾ അറിയാമായിരുന്ന മാദ്ധ്യമ പ്രവർത്തകനായിരുന്നു പ്രദീപ് എന്നും അതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും ഡ്രെെവറെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തത് വലിയ ഒരളവുവരെ സംശയങ്ങൾ ദൂരികരിക്കാൻ ഇടയാക്കും.
ഈ സംഭവത്തിൽ എത്രയും വേഗം വ്യക്തത വരുത്തേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണ്. സർക്കാരിനെ രൂക്ഷമായ നിലയിൽ വിമർശിക്കുന്ന ഒരു മാദ്ധ്യമശൈലിയാണ് പ്രദീപ് പിന്തുടർന്നിരുന്നത്. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. പക്ഷേ അതൊന്നും പ്രദീപിന്റെ ജീവൻ റോഡിൽ പൊലിയാനിടയായതിന്റെ ദുരൂഹത നീക്കുന്നതിന് തടസമാകരുത്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രദീപ് ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ നടത്തിവരികയായിരുന്നു. ഒട്ടേറെ സുഹൃത്തുക്കളെയും ചുരുക്കം ചില ശത്രുക്കളെയും ഇതിനിടയിൽ പ്രദീപിന് സമ്പാദിക്കാനായി എന്നതും രഹസ്യമല്ല. ചിലരൊക്കെ പ്രദീപിനെ കേസിൽ കുടുക്കാൻ വരെ ശ്രമിച്ചിരുന്നു. എന്നാൽ കൂസലില്ലാതെ എല്ലാ പ്രതിബന്ധങ്ങളെയും നേരിടുന്ന ഊർജ്ജസ്വലനായ മാദ്ധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ദുഃഖം ഉളവാക്കുന്നതാണ്. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രദീപ് തുടരെ നൽകിയിരുന്നു. അതിനാൽ സംശയങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്. റോഡപകടത്തിന്റെ നിജസ്ഥിതി എത്രയും വേഗം വെളിപ്പെടുക തന്നെ വേണം.