poll

വീറും വാശിയും നിറഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടം ഇന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുകയാണ്. ഓരോ തദ്ദേശ സ്ഥാപനവും ആർക്കൊപ്പമാണെന്ന് അറിയാൻ ഉച്ചവരെ കാത്തിരുന്നാൽ മതി. അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ കൂടിയെടുക്കും. എന്നിരുന്നാലും ഭരണം ആർക്കെന്നറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരുന്നാൽ മതിയാകും. അതിനിടയിലും ആർക്കും ഭൂരിപക്ഷമില്ലാത്ത സമിതികളും ഉണ്ടായെന്നുവരാം. ചാക്കിടലും കുതിരക്കച്ചവടവുമൊക്കെ അവിടങ്ങളിൽ വിപുലമായ തോതിൽ നടന്നെന്നും വരാം. ഇതൊക്കെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ കാര്യങ്ങളാണ്.

നാലു വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പ് ഏറ്റവും മികച്ച ജനപങ്കാളിത്തം കൊണ്ട് നേരത്തെ നടന്ന രണ്ടു ഘട്ടങ്ങളെക്കാൾ ശ്രദ്ധേയമായി. മൂന്നു ഘട്ടങ്ങളിലെയും വോട്ടെടുപ്പ് ഒന്നായി പരിശോധിച്ചാൽ 76 ശതമാനത്തിലധികമാണ് പോളിംഗ് എന്നു കാണാം. മഹാമാരിയുടെ ഇക്കാലത്ത് ഇതു വലിയ നേട്ടം തന്നെയാണ്. ജനാധിപത്യത്തിന്റെ ഉത്സവമാണ് സംസ്ഥാനത്ത് ഓരോ തിരഞ്ഞെടുപ്പുമെന്നതിന് ഇതിലേറെ സാക്ഷ്യപത്രം വേണ്ട. പ്രവർത്തകരുടെ അമിതാവേശത്തിൽ വോട്ടെടുപ്പിനിടെ പല സ്ഥലങ്ങളിലും സംഘർഷവും ഏറ്റുമുട്ടലുമൊക്കെ ഉണ്ടായെങ്കിലും പൊലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സമയോചിതമായ ഇടപെടൽ കാരണം കൂടുതൽ തലങ്ങളിലേക്ക് അവ പടർന്നില്ലെന്നത് ആശ്വാസകരമായി.

എങ്കിലും ഇന്നത്തെ വോട്ടെണ്ണൽ കൂടി കഴിയുമ്പോൾ അത് കണക്കു തീർക്കാനുള്ള സന്ദർഭമായി മാറ്റാതിരിക്കാൻ തിരഞ്ഞെടുപ്പു രംഗത്തുള്ള എല്ലാവരും പ്രത്യേകം മനസ്സുവയ്ക്കേണ്ടതാണ്. നാളെയും പരസ്പരം കാണേണ്ടവരും ഒന്നിച്ചുകഴിയേണ്ടവരുമാണെന്ന ചിന്ത വെടിയരുത്. വിജയികളായവരും നേതാക്കളും വേണം അണികളെ അടക്കിനിറുത്താൻ. അന്തിമ വിജയം ഒരാൾക്കു മാത്രം അവകാശപ്പെട്ടതാണ്. വിനയത്തോടും പരസ്പര ബഹുമാനത്തോടും കൂടി അത് അംഗീകരിക്കാൻ എതിർ കക്ഷികൾ തയ്യാറാകണം. പ്രവർത്തകരുടെയും അനുയായികളുടെയും മനസ് കണ്ടറിഞ്ഞ് അവരെ സമാധാനിപ്പിച്ചു നിറുത്താൻ നേതാക്കൾക്കു കഴിയണം. വോട്ടെടുപ്പു ദിനത്തിൽ അങ്ങിങ്ങു ദൃശ്യമായ പകയും വിദ്വേഷവും വോട്ടെണ്ണൽ കഴിഞ്ഞും പുറത്തെടുക്കുന്ന സ്ഥിതി ഉണ്ടാകരുത്.

കൊവിഡ് പശ്ചാത്തലത്തിൽ വിജയാഘോഷയാത്ര പാടേ ഉപേക്ഷിക്കണമെന്ന് ജില്ലാ ഭരണാധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാലും വിജയാവേശത്തിൽ നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറക്കുന്നതാണ് പൊതുവേയുള്ള അനുഭവം. പ്രചാരണം തീർന്ന ദിവസങ്ങളിൽ നിയന്ത്രണങ്ങൾ അവഗണിച്ച് നടത്തിയ പ്രകടനങ്ങൾക്ക് എല്ലാ ജില്ലകളും സാക്ഷിയായിരുന്നു. വോട്ടെടുപ്പു കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. വിജയാഘോഷ റാലികൾ അതിനു വളം വയ്ക്കുന്നതാകരുത്.

വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ പ്രവർത്തകരുടെ റോൾ ഏതാണ്ട് അവസാനിക്കുകയാണ്. ഓരോ പ്രവർത്തകനും അതു തിരിച്ചറിയണം. തമ്മിൽ ത്തല്ലി സംഘർഷമുണ്ടാക്കി നാടിന്റെ സമാധാനം തകർക്കരുത്. നാലഞ്ചു മാസം കഴിയുമ്പോൾ ഇതിനെക്കാൾ വലിയ തിരഞ്ഞെടുപ്പ് വരികയാണ്. അപ്പോഴും ജനങ്ങളെയാണ് വോട്ടിനായി സമീപിക്കേണ്ടത്. സമാധാനവും ഭദ്രതയും നശിപ്പിക്കുന്ന രാഷ്ട്രീയ ശൈലി സമൂഹത്തിന് അംഗീകരിക്കാനാവില്ല. കായബലവും തിണ്ണബലവും കാണിക്കേണ്ട വേദിയുമല്ല തിരഞ്ഞെടുപ്പ് രംഗം. പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പു ദിനത്തിലും പുറത്തെടുത്ത സ്പർദ്ധയും കാലുഷ്യവും വോട്ടെണ്ണൽ കഴിയുന്നതോടെ ഇല്ലാതാകണം. വിവേകമതികളായ നേതാക്കൾ തന്നെ വേണം അതിനു മുൻകൈയെടുക്കാൻ.