കിളിമാനൂർ: ക്രിസ്മസ് പരീക്ഷ എത്തിനിൽക്കുമ്പോഴും സിലബസ് പ്രകാരമുള്ള പാഠങ്ങൾ പലതും പഠിപ്പിക്കാനോ പഠിക്കാനോ ആകാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിസന്ധിയിൽ. വൈകി ക്ലാസ് ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പാഠങ്ങൾ തീരാനുള്ളത്. ഉന്നത പഠനത്തിന്റെ ചവിട്ടുപടിയായ ഹയർസെക്കൻഡറിക്ക് ഏറെ പ്രാധാന്യവും പരിഗണനയും നൽകേണ്ട ഘട്ടത്തിലാണ് ക്ലാസുകൾ പലതും ചിതറി കിടക്കുന്നത്. സി.ബി.എസ്.ഇ പോലെയുള്ള ബോർഡുകൾ സിലബസ് ആനുപാതികമായി കുറയ്ക്കുമെന്ന് പറയുമ്പോഴും കേരള സിലബസിൽ ഇതേപറ്റി ആലോചന പോലുമില്ല. കുറച്ചു കുട്ടികൾ മാത്രം തിരഞ്ഞെടുത്തിരിക്കുന്ന പല വിഷയങ്ങൾക്കും വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ നടക്കുന്നില്ല.

യു.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് പൊതുവെ വിമുഖത വർദ്ധിക്കുകയാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ അതാത് സമയത്ത് കാണുന്നവരുടെ എണ്ണം ഓരോ ദിവസവും കുറയുകയാണ്. ക്ലാസുകൾ പിന്നീട് എപ്പോഴെങ്കിലും യൂട്യൂബിൽ കാണാമെന്നാണ് കുട്ടികളുടെ വാദം. ക്ലാസ് അടിസ്ഥാനമാക്കി സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഘടിപ്പിക്കുന്ന പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും ദിനംപ്രതി കുറയുകയാണ്. ഡിസംബറിൽ എല്ലാ പാഠങ്ങളും ഓൺലൈൻ വഴി പഠിപ്പിച്ച് ജനുവരി മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിവിഷൻ ക്ലാസ് സ്‌കൂളിൽ വെച്ച് നടത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ക്ലാസുകളെക്കുറിച്ച് ഇതേവരെ യാതൊരു ധാരണയും ആയിട്ടില്ല.


മുങ്ങൽ വിദഗ്ദ്ധർ വീണ്ടും

സ്‌കൂളിൽ നേരിട്ട് പോകേണ്ടതില്ലാത്തതിനാൽ ക്ലാസുകൾ കട്ട് ചെയ്യുന്ന പഴയ പ്രവണതയ്ക്ക് പകരം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് അടിച്ചു പോകുന്ന വിരുതൻമാർ കൂടുതലുണ്ട്. ഇവരെ തേടിപ്പിടിച്ചു വീണ്ടും ഗ്രൂപ്പുകളിൽ ചേർക്കുക എന്നത് അദ്ധ്യാപകരുടെ അധിക ജോലിയായി. സ്ഥിരമായി കയറുന്ന വാട്സ് ആപ്പ് നമ്പറിന് പകരം താത്കാലികമായി ചേർക്കുന്ന നമ്പറുകൾ വരുത്തിവയ്ക്കുന്ന പൊല്ലാപ്പും ചെറുതല്ല. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കാൻ സാധിക്കാത്തതും ആശയവിനിമയത്തിൽ ഉണ്ടാകുന്ന പോരായ്മകളുമാണ്.

ഇനിയും ക്ളാസ് ആരംഭിക്കേണ്ട വിഷയങ്ങൾ

ഹയർസെക്കൻഡറി സിലബസിലെ മലയാളം സെക്കൻഡ്, സംസ്‌കൃതം, ഹോം സയൻസ്, സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ് ആരംഭിച്ചിട്ടില്ല.ക്ലാസുകൾ തുടങ്ങിയ വിഷയങ്ങളിലാവട്ടെ പഠിപ്പിച്ചു തീർക്കേണ്ട പാഠങ്ങൾ നിരയായി കിടക്കുകയാണ്. സിലബസ് കുറക്കാതെ പൊതു പരീക്ഷ നടത്തും എന്ന് പറയുന്നത് ഹയർസെക്കൻഡറി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും നടത്തുന്ന വെല്ലുവിളിയാണ്. ഹയർ സെക്കൻഡറി വകുപ്പും എസ്.സി.ഇ.ആർ.ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇവിടെ കാണുന്നത്.