കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ നഗരത്തിലെ ഭക്ഷണശാലകളിലെല്ലാം പഴയപടി തിരക്കേറുന്നു. സാനിറ്റെെസറും സാമൂഹ്യഅകലവും പേരിനു മാത്രമായി മാറുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തോടുകൂടി ആരംഭിച്ച ഹോട്ടലുകളിലെ തിരക്ക് തുടരുന്നത് ഹോട്ടലുടമകൾക്ക് വലിയ പ്രതീക്ഷ നൽകുമ്പോഴും കൊവിഡ് വ്യാപന ഭീതി ആശങ്കാജനകമാവുന്നു. രാത്രികാല ഭക്ഷണശാലകൾക്ക് നിയന്ത്രണങ്ങൾ തുടരുന്നുണ്ടെങ്കിലും തിരക്ക് വർദ്ധിക്കുന്നതു മൂലം നിയന്ത്രണങ്ങൾ പാലിക്കാനാക്കുന്നില്ല. രാത്രി ഒൻപത് മണിവരെയെ ഹോട്ടലുകൾ പ്രവർത്തിക്കാൻ പാടുള്ളുവെന്നാണ് നിർദേശമെങ്കിലും രാത്രി ഏറെ വെെകിയും പ്രവർത്തിക്കുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്.
ഹോട്ടലുകൾക്ക് നല്ലക്കാലം
ആളുകളുടെ ഭക്ഷണരീതികൾ പഴയപടിയാകുന്നതിലൂടെ ഹോട്ടലുകളുടെ കഷ്ടകാലത്തിന് തൽക്കാലം ആശ്വാസമാകുന്നു. സർവീസ് ചാർജ് കൂടുതലായത്തിനാൽ ഓൺലെെൻ ഭക്ഷണ സംവിധാനത്തിനുള്ള സ്വീകാര്യത കുറയുന്നതും ഹോട്ടലുകൾക്ക് ഗുണമാവുകയാണ്.
കൂട്ടംകൂടിയിരുന്ന് സൊറപറഞ്ഞ് ഭക്ഷണം കഴിക്കാനുള്ള മലയാളികളുടെ താൽപര്യത്തെ മോടി പിടിക്കാൻ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്താനും ഹോട്ടലുടമകൾ മറന്നിട്ടില്ല.
ആൾകൂട്ടം ഭീതി വർദ്ധിപ്പിക്കുന്നു
ഭക്ഷണം കഴിക്കാനായുള്ള ആളുകളുടെ നീണ്ടനിര ഹോട്ടലുടമകൾക്ക് പ്രതീക്ഷയേറുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണ്. മിക്ക ഹോട്ടലുകളിലും പാചകവും സപ്ലെെയുമെല്ലാം കെെകാര്യം ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. നിരീക്ഷണത്തിനും കൊവിഡ് ടെസ്റ്റിനും ശേഷമെ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടൂള്ളുവെന്നുണ്ടെങ്കിലും ഇത് മിക്ക ഹോട്ടലുകളിലും പാലിക്കുന്നില്ലെന്നാണ് പരാതി. തൊഴിലാളികൾക്ക് മാസ്കും ഗ്ലൗസും നിർബന്ധമാണെങ്കിലും മിക്ക ഹോട്ടലുകളിലും ഗ്ലൗസ് ഉപയോഗം കുറവാണ്.
"കൊവിഡ് കാലമാണെങ്കിലും ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിച്ചെ മതിയാകൂ. ഹോട്ടലുകളിൽ തിരക്കു കൂടുതൽ ദിവസം പാഴ്സൽ വാങ്ങിക്കും. സ്വയം മുൻകരുതൽ എടുക്കുകയല്ലാതെ വെറെ മാർഗമില്ല."
വേണു വി.എൻ
സ്വകാര്യ സ്ഥാപന ജീവനക്കാരൻ