
തിരുവനന്തപുരം: രാജ്യത്തെ കാർഷിക മേഖലയുടെ നിലനില്പിനായി നിശ്ചയ ദാർഢ്യത്തോടെ പോരാടുന്ന കർഷകരുടെ സമരത്തെ ഒത്തുതീർപ്പിലെത്തിക്കുന്നതിന് പകരം അവരെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും കുതന്ത്രങ്ങൾ വിജയിക്കാൻ പോവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രക്തം കട്ട പിടിക്കുന്ന അതിശൈത്യത്തെ പോലും കൂസാതെ സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ രാജ്യതലസ്ഥാനത്ത് നടത്തുന്ന സഹനസമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. രാഷ്ട്രത്തിന്റെ നട്ടെല്ലായ കാർഷിക മേഖലയുടെ നിലനില്പിനായാണ് കർഷകർ പൊരുതുന്നത്. രാജ്യത്തിന്റെ സമസ്ത മേഖലകളെയും വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത മോദി സർക്കാർ കാർഷിക മേഖലയെയും അവർക്ക് പണയപ്പെടുത്തുകയാണ്.