
തിരുവനന്തപുരം: മദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിനെ ഇടിച്ചുകൊന്ന ടിപ്പർ ലോറി ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം കാവടി തലയ്ക്കൽ, ശാന്തിനികേതനിൽ ജോയ് ഫ്രാൻസിസിനെ (57) അറസ്റ്റ് ചെയ്തു. ഇൗഞ്ചക്കൽ ഭാഗത്തു നിന്ന് അപകടത്തിൽപ്പെട്ട ടിപ്പറുമായി അഭിഭാഷകനെ കാണാൻ പോകുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ടിപ്പർ കസ്റ്റഡിയിലെടുത്തു. അപകടം നടന്ന കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വട്ടിയൂർക്കാവ് മൂന്നാംമൂട് നിന്ന് വീടുപണിക്കുള്ള എം-സാന്റുമായി വെള്ളായണി സർവോദയം ഭാഗത്തേക്ക് പോകവെയാണ് ടിപ്പർ പ്രദീപ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടത്. അപകടസമയത്ത് ലോറിയിലുണ്ടായിരുന്ന പേരൂക്കട ഇന്ദിരാനഗർ സ്വദേശി മോഹനൻ ഒളിവിലാണ്. കെ.എൽ.01സി.കെ.6949 കരിയ്ക്കകത്തമ്മ എന്ന ലോറി മോഹനന്റെ മകൾ സന്ധ്യയുടെ പേരിലാണ്. അപകടം നടന്ന കാരയ്ക്കാമണ്ഡപത്ത് ഫോറൻസിംഗ് സംഘമെത്തി തെളിവ് ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് പൊലീസിന് ലഭിക്കാനുണ്ട്. ഡ്രൈവറെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രസ്ക്ലബിൽ പൊതുദർശനത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ പ്രദീപിന്റെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് പ്രദീപ് വീട്ടിലേക്ക് മടങ്ങവെ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപത്തുവച്ച് തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുകളും രംഗത്ത് വന്നതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യും
സംഭവത്തിൽ വ്യക്തത വരാൻ ഡ്രൈവർ ജോയ് ഫ്രാൻസിസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഫോർട്ട് എ.സി പ്രതാപൻ നായർ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിക്ക് ഷുഗർ ലെവൽ ഉയർന്നതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അപകടം നടന്ന വിവരം അറിഞ്ഞില്ലെന്നാണ് തുടക്കത്തിൽ പ്രതി പറഞ്ഞതെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരംവഴിയാണ് വാഹനം തിരികെ വട്ടിയൂർക്കാവിലേക്ക് പോയത്. പേടി കാരണമാണ് വാഹനം നിറുത്താതിരുന്നതെന്നും പ്രതി മൊഴി നൽകി. വാഹനം ഒളിപ്പിച്ചാൽ പിടിക്കപ്പെടുമെന്ന ഭീതിയിലാണ് ഇന്നലെ ലോഡുമായി സൈറ്റുകളിൽ കറങ്ങിയതെന്നും ജോയ് പറഞ്ഞു. ഇയാൾക്കെതിരെ നിലവിൽ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും മൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം വകുപ്പ് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.
തകർന്നത് സ്കൂട്ടറിന്റെ ഹാൻഡ് റസ്റ്റ് മാത്രം
ഒരേ ദിശയിൽ വന്ന വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം നിറുത്താതെ പോയതും, അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ് മാത്രം തകർന്ന നിലയിൽ കണ്ടതുമാണ് അപകടത്തിൽ ദുരൂഹത വർദ്ധിപ്പിച്ചത്. ലോറിയുടെ മദ്ധ്യഭാഗം തട്ടി പ്രദീപിന്റെ സ്കൂട്ടർ മറിയുകയായിരുന്നു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മുന്നിലൂടെ പോകുന്ന ഒരുവാഹനത്തെ മറികടക്കാനോ ഇടിക്കാതിരിക്കാനോ ശ്രമിച്ചപ്പോഴായിരിക്കാം പ്രദീപിന്റെ വാഹനത്തിൽ ടിപ്പർ തട്ടിയതെന്ന സംശയം പൊലീസ് പ്രകടിപ്പിക്കുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ശാസ്ത്രിയ തെളിവുകളും ലഭിക്കാനുണ്ട്.