sabarimala

തിരുവനന്തപുരം: ശബരിമലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പുതുക്കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീർത്ഥാടകർക്കും 245 ജീവനക്കാർക്കും ഉൾപ്പെടെ 299 പേർക്കാണ് കൊവിഡ് ബാധിച്ചത്. പത്തനംതിട്ടയിൽ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളിൽ വർദ്ധനവുണ്ടായെന്നാണ് റിപ്പോർട്ട്.

 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. എല്ലാ തീർത്ഥാടകരും നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലാബിൽ നിന്നെടുത്ത ആർ.ടി.പി.സി.ആർ, എക്സ് പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം .

 മല കയറുമ്പോഴും സന്നിധാനത്തും തീർത്ഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തണം, ശാരീരിക അകലം പാലിക്കണം.

 കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ യാത്ര ചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണം. സാനിട്ടൈസർ കരുതണം.

 അടുത്തിടെ കൊവിഡ് ബാധിച്ച, അല്ലെങ്കിൽ പനി, ചുമ, ശ്വസന ലക്ഷണങ്ങൾ, ക്ഷീണം, ഗന്ധമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർത്ഥാടനത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.

 കൊവിഡിൽ നിന്നും മുക്തരായ രോഗികൾ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തണം.