election-redult

തിരുവനന്തപുരം: വികസന മുദ്രാവാക്യമാണോ, വിവാദ ശരങ്ങളാണോ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക?. ഈ ചോദ്യത്തിനുത്തരം കിട്ടാൻ ഇനി അല്പനേരത്തെ കാത്തിരിപ്പ് മാത്രം.

കൂട്ടിയും കിഴിച്ചും സ്വരൂപിച്ച കണക്കുകൾ വച്ച് മുന്നണികൾ മൂന്നും ആത്മവിശ്വാസമാണ് പുറമെ പ്രകടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകളുടെ കാത്തിരിപ്പ് മാത്രം ശേഷിക്കെ, തിരിച്ചടികൾ മൂന്ന് മുന്നണികളിലും പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. ഫൈനൽ പോരാട്ടത്തിനുള്ള ആത്മവിശ്വാസം കാക്കാൻ സെമി ഫൈനലിൽ മികച്ച വിജയം അനിവാര്യം.

ജില്ലാ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തെ 7- 7 എന്ന നിലയിൽ നിന്ന് ഏറെ മുന്നോട്ട് പോകുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നത്. പത്ത് ജില്ലകൾ വരെ എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. എറണാകുളം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളൊഴിച്ചെല്ലാം കൂടെപ്പോരുമെന്നും. കൃത്യമായ എണ്ണം അവകാശപ്പെടുന്നില്ലെങ്കിലും, വൻ മുന്നേറ്റമാണ് യു.ഡി.എഫ് പ്രതീക്ഷ.

കഴിഞ്ഞതവണ പിടിച്ച തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകൾക്ക് പുറമെ, ഇക്കുറി കണ്ണൂരും എൽ.ഡി.എഫ് ഉറപ്പിക്കുന്നു. എറണാകുളത്തും പ്രതീക്ഷയുണ്ട്. കണ്ണൂരും എറണാകുളവും നിലനിറുത്തുന്നതിനൊപ്പം തൃശൂരും തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫ് വാദം. തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ബി.ജെ.പി പറയുന്നു. തൃശൂരിൽ കഴിഞ്ഞ തവണത്തെ ആറ് അംഗങ്ങളെന്നത് ഇരട്ടിയാകാം. കൊല്ലത്തും കോഴിക്കോട്ടും രണ്ടക്കസംഖ്യയിലേക്ക് സീറ്റുകളുടെ എണ്ണമുയരുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു.

മുനിസിപ്പാലിറ്റികളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും കഴിഞ്ഞതവണത്തെ ആധിപത്യം നിലനിറുത്തുമെന്നാണ് ഇടതുവാദം. അതുണ്ടാവില്ലെന്നും യു.ഡി.എഫിന് വൻ മുന്നേറ്റമായിരിക്കുമെന്നും അവരും പറയുന്നു. കഴിഞ്ഞ തവണത്തെ പാലക്കാടുൾപ്പെടെ പത്തോളം മുനിസിപ്പാലിറ്റികളിൽ ഒന്നാമതെത്തുമെന്ന് പറയുന്ന ബി.ജെ.പി, ത്രിതല പഞ്ചായത്തുകളിലും സീറ്റുകൾ വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്.

വെൽഫെയർ പാർട്ടി ബാന്ധവം ഏറെ ചർച്ചയായ തിരഞ്ഞെടുപ്പാണിത്. യു.ഡി.എഫിനെ ഇതുയർത്തി എൽ.ഡി.എഫ് കടന്നാക്രമിച്ചപ്പോൾ, കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അവരിലെ ആശയക്കുഴപ്പം പ്രകടമാക്കുന്നതായി. സി.പി.എമ്മും അവരുമായി ബാന്ധവമുണ്ടാക്കിയെന്ന് മുസ്ലിംലീഗ് ആരോപിച്ചു. വെൽഫെയർ പാർട്ടി സ്വാധീനം എത്രത്തോളമെന്ന ആകാംക്ഷയും ഉയരുന്നു .

സംസ്ഥാനത്ത് തുടർഭരണം പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായാൽ, അസ്വസ്ഥതകൾ മുള പൊട്ടും. പാലാ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന എൻ.സി.പി ശീതസമരത്തിലാണ്. പാലാ കിട്ടിയില്ലെങ്കിൽ മാണി സി. കാപ്പൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സംസാരം. സി.പി.എമ്മിനകത്തും അസ്വാരസ്യങ്ങളുയർന്നേക്കാം.

തിരിച്ചടി യു.ഡി.എഫിലും വലിയ കലാപത്തിനിടയാക്കും. സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടുമായി നിൽക്കുന്ന അവരിൽ നേതൃമാറ്റമടക്കം ചർച്ചയാവാം. ശോഭാ സുരേന്ദ്രനടക്കമുള്ളവർ കലാപമുയർത്തി പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ, പിറകോട്ടടി ബി.ജെ.പിയിൽ മുരളീധരൻ- സുരേന്ദ്രൻ അച്ചുതണ്ടിനെതിരെ പൊട്ടിത്തെറിക്ക് വഴിവയ്ക്കും.