തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചവർക്കുള്ള ഈ മാസത്തെ പെൻഷൻതുക ഇന്നു മുതൽ അവരുടെ സഹകരണ ബാങ്ക് അക്കൗണ്ടിൽ എത്തും.
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പെൻഷൻ വിതരണത്തിന് അടിയന്തര നടപടി സർക്കാർ സ്വീകരിച്ചത്.
കഴിഞ്ഞ മാസം വിതരണം ചെയ്ത പെൻഷൻ തുകയായ 68.51 കോടി രൂപ ധനവകുപ്പ് സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് കൈമാറാൻ വൈകിയതാണ് കാരണം.
തുക ഇന്നലെ വൈകിട്ടോടെ അതത് സഹകരണ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. പെൻഷൻകാരുടെ അക്കൗണ്ടുകളിലേക്ക് ഇന്ന് പണം എത്തുമെന്ന് സഹകരണവകുപ്പ് അധികൃതർ അറിയിച്ചു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് പെൻഷൻതുക അനുവദിക്കുന്നത് വൈകിയത്. പണം അനുവദിക്കുന്നതിന് തടസമില്ലെന്ന് ഈ മാസം 7നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. 9ന് പണം അനുവദിക്കാൻ ഉത്തരവിറങ്ങയതുമാണ്. എങ്കിലും നടപടികൾ നീണ്ടുപോയി.
സർക്കാർ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള കരാർ മാർച്ച് വരെയേയുള്ളൂ. ഇതിന്റെ പലിശ ഉൾപ്പെടെ സർക്കാരാണ് നൽകിവരുന്നത്. ഇതൊരു സ്ഥിരം ഏർപ്പാടായി സർക്കാർ അംഗീകരിച്ചിട്ടില്ല. കെ.എസ്. ആർ.ടി.സിയിൽ 40000 പെൻഷൻകാരുണ്ട്.
''കേരളകൗമുദിയോട് പെൻഷൻകാരുടെ നന്ദി അറിയിക്കുന്നു. നേരത്തെ പലവട്ടം കെ.എസ്.ആർ.ടി.സി പെൻഷൻകാർക്കുവേണ്ടി ശബ്ദിച്ചത് കേരളകൗമുദിയായിരുന്നു''
- മുത്തുകൃഷ്ണൻ,
പെൻഷണർ, വെങ്ങാനൂർ