
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട നാളെ രാത്രി 8ന് നടക്കും. വെള്ളിയാഴ്ച വൈകിട്ട് പദ്മതീർത്ഥത്തിൽ നടക്കുന്ന ആറാട്ടോടു കൂടി ഉത്സവത്തിന് കൊടിയിറങ്ങും. കഴിഞ്ഞ പൈങ്കുനി ഉത്സവത്തിന് സമാനമായി പടിഞ്ഞാറെ നടയിലാണ് പള്ളിവേട്ട നടത്തുന്നത്. വ്യാഴാഴ്ച രാത്രി ഉത്സവ ശീവേലിക്ക് ശേഷം ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമി, തെക്കേടത്ത് നരസിംഹസ്വാമി, തിരുവാമ്പാടി ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴി പുറത്തെഴുന്നള്ളിക്കും. മതിലകം ഓഫീസിന് മുന്നിൽ തയ്യാറാക്കുന്ന വേട്ടക്കളത്തിൽ ക്ഷേത്രം സ്ഥാനി കരിക്കിൽ അമ്പെയ്ത് വേട്ട നടത്തും. തുടർന്ന് അകത്തെഴുന്നള്ളിക്കുന്ന വിഗ്രഹങ്ങളെ പള്ളിക്കുറുപ്പിരുത്തും. വെള്ളിയാഴ്ച വൈകിട്ട് ആറാട്ടിനായി ഗരുഡവാഹനത്തിൽ വിഗ്രഹങ്ങളെ കിഴക്കേനടയിലൂടെ പുറത്തെഴുന്നള്ളിക്കും. പദ്മതീർത്ഥത്തിൽ നടക്കുന്ന ആറാട്ടിന് മറ്റ് നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾ കൂടിയാറാട്ടിനായി നേരത്തെ എഴുന്നള്ളിക്കും. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നവിടങ്ങളിൽ നിന്നാണ് കൂടിയാറാട്ടിന് വിഗ്രഹങ്ങൾ എത്തിക്കുന്നത്. ആറാട്ടിന് ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൊടിയിറക്കും. ശനിയാഴ്ച ആറാട്ട് കലശം ഉണ്ടായിരിക്കും.