
തിരുവനന്തപുരം:തലസ്ഥാനത്തെ കോർപ്പറേഷൻ ഇനി ആര് ഭരിക്കും? തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ കേരളമാകെ ഉറ്റുനോക്കുന്നത് ഇതാണ്. ഇടതുമുന്നണിയും യു.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടുന്നതിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. 100 അംഗ സഭയിൽ 42 സീറ്റുമായി വലിയ കക്ഷിയായ ഇടതുമുന്നണി ഭരണം നേടി. എല്ലാവരേയും ഞെട്ടിച്ച് 34സീറ്റു നേടി ബി.ജെ.പിരണ്ടാം സ്ഥാനത്തെത്തി.യു.ഡി.എഫ് 21സീറ്റുമായി മൂന്നാം സ്ഥാനത്തും.ഇത്തവണ ഭരണം പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദമാണ് ഫലം ശ്രദ്ധേയമാക്കുന്നത്.
55 അംഗ കണ്ണൂർ നഗരസഭയിലെ ഭരണം ഇക്കുറി ആർക്കൊപ്പമെന്നതും കൗതുകകരമാണ്. കഴിഞ്ഞ തവണ ഇടതിന് 26ഉം യു.ഡിഎഫിന് 27ഉം സീറ്റ് കിട്ടി. ഒരു കോൺഗ്രസ് വിമതനും സ്വതന്ത്രനും ജയിച്ചു. വിമതന്റെ സഹായത്തോടെ കോർപറേഷൻ ഭരണം മാറിമറിഞ്ഞു .
പെരിയ ഇരട്ടകൊലക്കേസ് സൃഷ്ടിച്ച പ്രതിഫലനങ്ങളിലൂടെ ശ്രദ്ധേയമാണ്കാസർകോട്. ജില്ലാപഞ്ചായത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫിന് എട്ടും ഇടതിന് ഏഴും സീറ്റ്. മൂന്ന് മുനിസിപ്പാലിറ്റികളിൽ കാഞ്ഞങ്ങാടും, നീലേശ്വരവും ഇടതിന്. 38 അംഗ കാസർകോട് നഗരസഭയിൽ 20 യു.ഡി.എഫ്. നേടി.14 നേടി ബി.ജെ.പി പിന്നിലുണ്ട്. ഇക്കുറി കാസർകോട് ബിജെപി പിടിക്കുമോ?..
കോഴിക്കോട്.ജില്ലയിലെ ഏഴ് നഗരസഭകളിൽ അഞ്ചും കോർപറേഷനുംഭരിക്കുന്നത് ഇടതുമുന്നണിയാണ്. അലൻ,താഹ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയതിലെ പ്രതിഷേധം ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കുമെന്ന യു.ഡി.എഫ്. അവകാശവാദം എത്രത്തോളം ഫലിക്കുമെന്ന് ഇന്നറിയാം. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഭരണം കിട്ടിയ ഏക മുനിസിപ്പാലിറ്റിയാണ് പാലക്കാട്. 52അംഗ സഭയിൽ 24 സീറ്റ്. ഇക്കുറി അത് നിലനിറുത്തുമോ എന്നാണുറ്റു നോക്കുന്നത്.
പി.ജയരാജൻ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതിന് ശേഷം കണ്ണൂരിൽ നടക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണ 71 ഗ്രാമപഞ്ചായത്തുകളിൽ 52 ഉം, ആകെയുള്ള 11ബ്ളോക്ക്പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും പകുതിയോളം മുനസിപ്പാലിറ്റികളും നേടിയ ഇടതുമുന്നണിക്ക് അത് നിലനിറുത്തേണ്ടത് അഭിമാന പ്രശ്നമാണ്.
സംസ്ഥാനത്ത് അടുത്തുണ്ടായ വലിയ രാഷ്ടീയ മാറ്റം ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ അത് എത്രത്തോളം പ്രതിഫലിക്കുമെന്നതിനും ഇന്ന് ഉത്തരമാവും. കോട്ടയത്ത് 71ൽ 49 ഗ്രാമപഞ്ചായത്തുകളും ജില്ലാപഞ്ചായത്ത് ഭരണവും 11ൽ 9 ബ്ളോക്ക് പഞ്ചായത്തുകളും ആറിൽ 4 മുനിസിപ്പാലിറ്റികളും കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്നു.ഇടുക്കിയിലാകട്ടെ ,ജില്ലാ പഞ്ചായത്തും, 52ൽ 28 ഗ്രാമപഞ്ചായത്തുകളും എട്ടിൽ ഏഴ്ബ്ളോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. ജോസ് കെ.മാണിക്കാണോ. പി.ജെ.ജോസഫിനാണോ ഇവിടെ ശക്തിയെന്നറിയേണ്ടതുണ്ട്.