kerala-media-academy

തിരുവനന്തപുരം: മാദ്ധ്യമരംഗത്തെ പഠനഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാഡമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാദ്ധ്യമങ്ങൾക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്, മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പായി നൽകും.

അപേക്ഷകർ ബിരുദധാരികളും മാദ്ധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമാകണം. മാദ്ധ്യമപഠനവിദ്യാർത്ഥികൾക്കും മാദ്ധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, നവോത്ഥാന പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണന. അപേക്ഷാഫോറവും നിയമാവലിയും www.keralamediaacademy.orgൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷയും സിനോപ്‌സിസും 2021 ജനുവരി 10നകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി, 682030 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2422275.