saritha-s-nair

തിരുവനന്തപുരം: സോളാർ വിവാദനായിക സരിത എസ്. നായരും സംഘവും ബിവറേജസ് കോ‌ർപറേഷനിൽ ജോലി വാഗ്ദാനം ചെയ്‌ത് പത്ത് ലക്ഷത്തിലേറെ രൂപ തട്ടിയ കേസ്,​ പണം തിരികെ നൽകി തീർക്കാൻ നീക്കം. ഇരുപതോളം പേർക്ക് പണം നഷ്ടമായെങ്കിലും രണ്ടുപേരാണ് പരാതിപ്പെട്ടത്.

സി.പി.ഐ നേതാവും കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്‌സഭാ സീ​റ്റിൽ സ്വതന്ത്റ സ്ഥാനാർത്ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മ​റ്റു പ്രതികൾ.തന്റെ സഹായിയായ വിനുവിന്റെ പേരിൽ എടുത്ത സിം നമ്പറിൽ നിന്നും മറ്റൊരു നമ്പരിൽ നിന്നും സരിത ഉദ്യോഗാർത്ഥികളുമായി സംസാരിച്ചിരുന്നു. ഈ കോളുകൾ റെക്കാർഡ് ചെയ്ത് പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്.

തിരുപുറം സ്വദേശി എസ്.എസ്.അരുൺ നെയ്യാ​റ്റിൻകര പൊലീസിനു നൽകിയ മൊഴിയിലാണ് സരിതയുടെ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. തന്റെ സഹോദരൻ ആദർശിന് സ്​റ്റോർ അസിസ്​റ്റന്റ് ജോലിക്ക് രതീഷ് 15 ലക്ഷം ആവശ്യപ്പെട്ടെന്നും മറ്റ് രണ്ടു പേരുടെ നിയമന ഉത്തരവ് കാട്ടി നാലുലക്ഷം വാങ്ങിയെന്നുമാണ് അരുണിന്റെ മൊഴി.

നിയമന ഉത്തരവ് വൈകുന്നതിൽ ആശങ്ക അറിയിച്ചപ്പോൾ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിളിക്കുമെന്നാണ് രതീഷ് പറഞ്ഞത്. അന്നു വൈകിട്ട് സെക്രട്ടേറിയ​റ്റിൽ നിന്ന് എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു. ശബ്ദം തിരിച്ചറിഞ്ഞതിനാൽ സരിത എസ്.നായർ അല്ലേയെന്നു ചോദിച്ചപ്പോൾ സമ്മതിച്ചു.

ബിവറേജസ് ഉദ്യോഗസ്ഥ മീനാകുമാരിക്ക് ഒന്നര ലക്ഷം രൂപയും മ​റ്റ് ഉദ്യോഗസ്ഥർക്ക് 2 ലക്ഷവും കൊടുക്കണമെന്നും തുക രതീഷിനെ ഏൽപിക്കണമെന്നും സരിത നിർദ്ദേശിച്ചു. ഗഡുക്കളായി 10.50 ലക്ഷം രൂപ രതീഷ് കൈപ്പ​റ്റി. 95,​000 രൂപ സരിതയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സരിതയെ വിളിച്ചപ്പോൾ അമ്മയാണു പണം കൈകാര്യം ചെയ്യുന്നതെന്നാണു പറഞ്ഞത്. അമ്മയുമായി സംസാരിച്ചപ്പോൾ തിരികെ തരാമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് അരുണിന്റെ മൊഴിയിലുണ്ട്.