
തിരുവനന്തപുരം:കൊവിഡ് വാക്സിൻ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങൾ കേന്ദ്രസർക്കാർ കേരളത്തിന് ലഭ്യമാക്കിത്തുടങ്ങി.
സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേയാണിത്.
രണ്ട് ലക്ഷംവരെ വാക്സിൻ ബോട്ടിലുകൾ സൂക്ഷിക്കാവുന്ന വാക്സിൻ കൂളർ, ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ഐസ് ലൈൻഡ് റെഫ്രിജറേറ്റർ (ഐ.എൽ.ആർ), വാക്സിൻ കൂട്ടമായി കൊണ്ടുപോകാവുന്ന കോൾഡ് ബോക്സ്, ആശുപത്രികൾക്കുള്ളിലും സമീപ പ്രദേശങ്ങളിലും 50 ബോട്ടിലുകൾ വരെ കൊണ്ടുപോകാവുന്ന വാക്സിൻ കാര്യർ തുടങ്ങിയ ശീതീകരണ സാമഗ്രികളാണ് എത്തിക്കുന്നത്. 100 കോൾഡ് ബോക്സുകളും 1680വാക്സിൻ കാര്യറുകളും ലഭിച്ചു കഴിഞ്ഞു.
ഏത് തരം വാക്സിനാണ് എത്തുന്നത്, ഒരു ബോട്ടിലിൽ എത്ര ഡോസ് അടങ്ങിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ മൊത്തം സംഭരണശേഷി ഉറപ്പിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വാക്സിൻ സൂക്ഷിക്കുന്നത് ഐസ് ലൈൻഡ് റെഫ്രിജറേറ്ററിലാണ് (ഐ.എൽ.ആർ). വിവിധ ജില്ലകളിലെ വാക്സിൻ സ്റ്റോറുകളിലായി 110 എണ്ണവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി 1589 ഐ.എൽ.ആറും നിലവിലുണ്ട്. കോൾഡ് ബോക്സും കാര്യറും നിലവിൽ പര്യാപ്തമാണ്.
# വാക്സിൻ കൂളർ
ഉയർന്ന സംഭരണ ശേഷിയുള്ള വാക്സിൻ കൂളറുകൾ നാലെണ്ണം കേരളത്തിലുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തുമായി ഓരോന്നും കോഴിക്കോട് രണ്ടെണ്ണവും. 10അടി നീളവും വീതിയുമുള്ള ഒരു മുറിയ്ക്ക് സമാനമാണിത്. ഇത്തരത്തിലുള്ള അഞ്ചെണ്ണം കേന്ദ്രം തരും. ഊഷ്മാവ് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന കൂളറിൽ നിശ്ചിത ഊഷ്മാവിൽ വ്യതിയാനം വന്നാൽ അലാറം മുഴങ്ങും.
നിറം മാറിയാൽ
സാധാരണ വാക്സിനുകൾ രണ്ടു മുതൽ എട്ട് ഡിഗ്രി വരെ സെൽഷ്യസിലാണ് സൂക്ഷിക്കുന്നത്. കൊവിഡ് വാക്സിനും സമാനമായ അന്തരീക്ഷത്തിൽ സൂക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ. വാക്സിൻ ബോട്ടിലിന്റെ പുറത്ത് വൃത്താകൃതിയിലുള്ള രണ്ട് അടയാളങ്ങളുണ്ടാകും അതിനുള്ളിൽ രണ്ട് ചതുരങ്ങളും. ഒന്നിന് ചാരനിറവും മറ്റൊന്നിന് വെള്ളനിറവുമായിരിക്കും. വെള്ളനിറത്തിലുള്ള ചതുരം ചാരനിറത്തിലേക്ക് മാറിയാൽ ഊഷ്മാവ് കുറഞ്ഞെന്നും മരുന്ന് ഉപയോഗ യോഗ്യമല്ലെന്നും തിരിച്ചറിയാം.
ഒരു കൊവിഡ് വാക്സിന്
കൂടിപരീക്ഷണാനുമതി
ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച ഒരു കൊവിഡ് വാക്സിനു കൂടി മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി. കേന്ദ്രസർക്കാരിന്റെ ബയോടെക്നോളജി വകുപ്പുമായി ചേർന്ന് പൂനെയിലെ ജെനോവ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് വികസിപ്പിച്ച വാക്സിനാണ് ഡ്രഗ്സ് കൺടോളർ ജനറൽ ഒഫ് ഇന്ത്യ ഒന്നും രണ്ടു ഘട്ട ക്ലിനിക്കൽ പരീക്ഷണ അനുമതി നൽകിയത്.
ഫൈസർ വാക്സിന്റെതിന് സമാനമായ സാങ്കേതികവിദ്യയാണ് ജനോവ വാക്സിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാനാവുന്നതാണ് ഈ വാക്സിൻ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 620 പേരിലാണ് ആദ്യഘട്ട പരീക്ഷണം. ഇത് ഉടൻ തുടങ്ങും.
നിലവിൽ രാജ്യത്ത് ആറ് വാക്സിനുകളാണ് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
ഇതിൽ ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉൾപ്പെടെ ചിലതിന് അടുത്തയാഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും.
വാക്സിൻ സംഭരണത്തിനായി 29000 കോൾഡ് ചെയിൻ പോയിൻറുകൾ, 240 വാക്ക് ഇൻ ഫ്രീസറുകൾ, 45000 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ, 41000 ഡീപ്പ് ഫ്രീസറുകൾ 300 സോളാർ റെഫ്രിജറേറ്ററുകൾ എന്നിവ ഉപയോഗിക്കും. ഇവ സംസ്ഥാനങ്ങൾക്ക് കൈമാറിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് വാക്സിൻ :
പ്രതികൂല സാഹചര്യങ്ങൾ
ഉണ്ടാവാമെന്ന് കേന്ദ്രം
ന്യൂഡൽഹി:കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ചില പ്രതികൂല സാഹചര്യങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
അതിനാൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. വാക്സിൻ വിതരണം തുടങ്ങിയ ബ്രിട്ടനിൽ ആദ്യദിവസം തന്നെ പ്രതികൂല സംഭവങ്ങളുണ്ടായത് ഗൗരവതരമാണ്. സാർവത്രിക വാക്സിനേഷൻ നടത്തിയപ്പോഴൊക്കെ ചില പാർശ്വഫലങ്ങൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളിലും ഗർഭിണികളിലും.
പ്രതികൂല സംഭവങ്ങളുണ്ടായാൽ നേരിടാൻ ഓരോ വാക്സിനേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓരോ ബ്ലോക്കിലും കുറഞ്ഞത് ഒരു പ്രത്യേക കേന്ദ്രമുണ്ടാവണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളോ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളോ, ജില്ലാ ആശുപത്രികളോ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളോ ഇതിനായി കണ്ടെത്താം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യമായ ജീവനക്കാരെയും സജ്ജരാക്കി നിറുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആയുഷ് ഡോക്ടർമാർ
കൊവിഡ് ചികിത്സ
നടത്തേണ്ട: സുപ്രീകോടതി
ന്യൂഡൽഹി: ആയുഷ് ഡോക്ടർമാർ കൊവിഡ് ചികിത്സയ്ക്ക് മരുന്നു കുറിക്കാനോ, അതു സംബന്ധിച്ച പരസ്യം നൽകാനോ പാടില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. എന്നാൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള മരുന്നുകൾ നൽകാമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് വിധിച്ചു.
ആഗസ്റ്റ് 21ലെ ഹൈക്കോടതി വിധിക്കെതിരെ ഡോ. എ.കെ.ബി സദ്ഭാവനാ മിഷൻ സ്കൂൾ ഓഫ് ഹോമിയോ നൽകിയ അപ്പീലിലാണ് വിധി.
ഹോമിയോപതി, ആയുർവേദ, സിദ്ധ, യുനാനി, പ്രകൃതി ചികിത്സാ ഡോക്ടർമാർക്ക് കൊവിഡിന് മരുന്നു കുറിക്കാനാകില്ലെന്ന് കേന്ദ്ര മാർഗരേഖയിലുണ്ടെന്ന കേന്ദ്രസർക്കാർ വാദം കോടതി ശരിവച്ചു. കൊവിഡ് ചികിത്സിച്ചു മാറ്റുമെന്ന് പരസ്യം നൽകാനുമാകില്ല. സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള മരുന്നുകൾ നൽകി കൊവിഡിന്റെ ആഘാതം കുറച്ച് പരമ്പരാഗത ചികിത്സയെ സഹായിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാർഗരേഖ പാലിക്കാത്ത ആയുഷ് ഡോക്ടർമാർക്കെതിരെ 2015ലെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.