local-body-election

തിരുവനന്തപുരം: ഇന്ന് ഉച്ചയോടെ നാടെങ്ങും ദീപാവലിയായിരിക്കും. പട പടാന്ന് പടക്കങ്ങൾ പൊട്ടും. വിജയം ഉറപ്പെന്ന് വിശ്വസിക്കുന്ന സ്ഥാനാർത്ഥികളും പാർട്ടിക്കാരും പടക്കം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നിടത്തെല്ലാം വിൽപ്പനയ്ക്കായി പടക്കം റെഡിയാണ്.

പല വർണങ്ങളിലുള്ള ലഡുവും ജിലേബിയും ബേക്കറികളിൽ ലഭ്യമാണ്. വിവിധ പാർട്ടിക്കാർ ആവശ്യപ്പെട്ട പ്രകാരം ചുവപ്പ്,​ കാവി,​ മൾട്ടി കളർ ലഡുവും ജിലേബിയും തയ്യാറാക്കുന്ന തിരക്കിലായിരുന്നു ബേക്കറിക്കാർ. ക്രിസ്മസ് അടുത്തെത്തിയതിനാൽ കേക്കും ലഭിക്കും.

കൊവിഡ് നിബന്ധനകൾ ഉണ്ടെങ്കിലും വിജയികളെ അണിയിക്കുന്ന സ്പെഷ്യൽ ഷാളുകൾ വസ്ത്രശാലകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ത്രിവർണം, ചുവപ്പ്, കാവി നിറത്തിലുള്ള ഷാളുകൾക്ക് 75 രൂപ മുതലാണ് വില.

വിജയം കൊഴുപ്പിക്കാനും സ്ഥാനാർത്ഥിയുടെ യാത്രയ്ക്ക് പൊലിമ കൂട്ടാനും മേളമുണ്ടാകും. ചെണ്ട മേളത്തിനാണ് ഡിമാൻഡ്. ബാൻഡ് മേളക്കാർക്കും ക്ഷണമുണ്ട്.

സ്ഥാനാർത്ഥിയുമായി നാടും നഗരവും ചുറ്റാൻ പലരും മിനി ലോറിയാണ് ബുക്ക് ചെയ്തിരിക്കുന്നത്. അതാകുമ്പോൾ മേളക്കാരെയും കയറ്റാം. സാധ്യമല്ലാതെ വന്നാൽ തുറന്ന ജീപ്പ് തന്നെ ശരണം. ഒപ്പം ബൈക്ക് റാലിയും.

 വിജയ ഗാനങ്ങൾ

ഇന്നലെ രാത്രിയോടെ സ്ഥാനാർത്ഥികൾക്കായി സ്റ്റുഡിയോകളിൽ വിജയഗാനങ്ങളുടെ റെക്കാഡിംഗ് പൂർത്തിയായി.ഒരേ വാർഡിലെ എതിർ സ്ഥാനാർത്ഥികൾ ഒരേ സ്റ്റുഡിയോയിൽ വിജയഗാനം റെക്കോർഡ് ചെയ്തിട്ടുണ്ട്. പാർട്ടികളുടെ പേരിലും സ്ഥാനാർത്ഥികളുടെ പേരിലും ഗാനങ്ങൾ റെഡിയായി. പാർട്ടി ഗാനം ആ പാർട്ടിയിൽപെട്ടവർക്ക് പൊതുവായി ഉപയോഗിക്കാനാണ്.

 സ്റ്റാറ്റസ് വീഡിയോകൾ

വിജയിക്കുന്ന സ്ഥാനാർത്ഥിയെ വീരപുരുഷന്മാരായും വീരാങ്കനമാരായും ചിത്രീകരിക്കുന്ന സ്റ്റാറ്റസ് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളുടെ ചുമതലയേറ്റവർ ഇന്നു തയ്യാറാക്കും. ഇന്നത്തെ ആഘോഷത്തുടക്കവും ഉൾക്കൊള്ളിച്ചായിരിക്കും വീഡിയോ തയ്യാറാക്കുക.