kerala

തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റെയും ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ള്യുവിയുവിന്റെയും രണ്ടാംഘട്ട സഹായം. വികസന പ്രവർത്തനങ്ങളിൽ റീബിൽഡ് കേരളയുടെ പ്രവർത്തന മികവ് പരിഗണിച്ചാണിത്.
അഞ്ചുവർഷകാലയളവിലേക്കുള്ള സഹായമാണ് ലോകബാങ്ക് രണ്ടാഘട്ടത്തിൽ നൽകുക. റീബിൽഡ് കേരളയുടെ വികസന പദ്ധതികൾക്കൊപ്പം സംസ്ഥാന ആരോഗ്യ മിഷന്റെ കൊവിഡ് പ്രവർത്തനങ്ങൾക്കും ഈ സഹായം വിനിയോഗിക്കാം. 2021 ഏപ്രിലിൽ ലോകബാങ്കുമായി വായ്പാ കരാർ ഒപ്പുവച്ചേക്കും. ജലവിതരണം, ശുചീകരണം, കാലാവസ്ഥബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇൻഷ്വറൻസും ഫിനാൻസിംഗും എന്നിവയ്ക്കാണ് ജർമ്മൻ ബാങ്കിന്റെ സഹായം.

ഈ മാസം 18ന് കെ.എഫ്.ഡബ്ള്യുവുമായി കരാർ ഒപ്പുവയ്ക്കും. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റീബിൽഡ് കേരള സി.ഇ.ഒ ആർ.കെ. സിംഗ് പറഞ്ഞു.
ആദ്യഘട്ട സഹായം എന്ന നിലയിൽ ലോകബാങ്ക് 1,779.58 കോടി രൂപ റീബിൽഡ് കേരളയ്ക്ക് നൽകിയിരുന്നു. ജർമ്മൻ ബാങ്ക് 17 കോടി യൂറോയും നൽകി. നവംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 7,192.78 കോടി രൂപയുടെ പദ്ധതികൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നൽകിയിട്ടുണ്ട്. 12 വകുപ്പുകൾ മുഖേനയാണ് പദ്ധതികൾ നടപ്പാക്കുന്നത്. 3,755.79 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്യുകയും 2,831.41 കോടി രൂപയുടെ കരാർ നൽകുകയും ചെയ്തു. 509.90 കോടി രൂപ ബന്ധപ്പെട്ട വകുപ്പുകൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വിതരണം ചെയ്തു. 2019 മുതൽ 2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണ് റീബിൽഡ് കേരള അസൂത്രണം ചെയ്തിട്ടുള്ളത്.

റീബിൾഡ് കേരള

 2027നകം നടപ്പാക്കുന്നത് 36,500 കോടി രൂപയുടെ വികസന പദ്ധതികൾ

 നവംബർ 25 വരെയുള്ള കണക്കുപ്രകാരം ഭരണാനുമതി നൽകിയത് 7,192.78 കോടി രൂപയുടെ പദ്ധതികൾക്ക്

 3,755.79 കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡർ നൽകി

 പദ്ധതികൾ നടപ്പാക്കുന്നത് 12 വകുപ്പുകൾ വഴി