
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ അധികാരം ആരു പടിച്ചെടുക്കുമെന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിന് ഇന്ന് ഉത്തരമറിയാം. കേവല ഭൂരിപക്ഷമില്ലാതെ കഴിഞ്ഞ അഞ്ചുവർഷം നൂൽപ്പാലത്തിലൂടെയാണ് എൽ.ഡി.എഫ് ഭരണം മുന്നോട്ടുകൊണ്ടുപോയത്. ബി.ജെ.പിയുടെ അപ്രതീക്ഷിതമായ വളർച്ചയാണ് കഴിഞ്ഞതവണ എൽ.ഡി.എഫിന്റെ തേരോട്ടത്തിന് തടയിട്ടത്. മറുഭാഗത്ത് യു.ഡി.എഫ് 42ൽ നിന്നും 21 സീറ്റിലേക്ക് ഒതുങ്ങി. ഭരണത്തിൽ പലവട്ടം പ്രതിസന്ധിഘട്ടങ്ങളുണ്ടായെങ്കിലും ബി.ജെ.പിയും യു.ഡി.എഫും കൈകോർക്കാതിരുന്നത് എൽ.ഡി.എഫിന് ആശ്വാസമായി. ഇന്ന് പെട്ടിപൊട്ടിക്കുമ്പോൾ കേവലഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടി ഭരണം നിലനിറുത്താൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 34 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ ബി.ജെ.പി ഭരണം പിടിച്ചെടുക്കുന്നതിൽ കുറഞ്ഞൊന്നും ആലോചിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വോട്ടാക്കിമാറ്റിയെന്നും അപ്രതീക്ഷിത മുന്നറ്റമുണ്ടാകുമെന്നുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളുടെ പ്രതീക്ഷ.
മേയറാകാൻ ആരെത്തും?
2015ൽ മേയർ സ്ഥാനത്തേക്ക് സി.പി.എം കണ്ടുവച്ച അര ഡസനോളം പ്രമുഖർ തോറ്റു. പിന്നാലെയാണ് അപ്രതീക്ഷിതമായി യുവനിരയിലെ വി.കെ. പ്രശാന്തിന് നറുക്ക് വീണത്. ഭരണസമിതിയുടെ അവസാനലാപ്പിൽ പ്രശാന്ത് എം.എൽ.എ ആയതോടെ പിന്നാലെ കെ. ശ്രീകുമാർ മേയറായി. ഇന്ന് ഫലം വരുന്നമ്പോൾ വൻമരങ്ങൾ കടപുഴകിയാൽ ചരിത്രം വീണ്ടും ആവർത്തിക്കും. അപ്രതീക്ഷിതമായി ആ വനിത കടന്നുവരും.
കഴിഞ്ഞ ഭരണ സമിതി
എൽ.ഡി.എഫ് -44
ബി.ജെ.പി- 34
യു.ഡി.എഫ് -21
സ്വതന്ത്രൻ -1