
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്ളാദപ്രകടനങ്ങൾ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് ടേബിളുകൾ. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിലായിരിക്കും.