janak

തമിഴ് ഹൊറർ ചിത്രമായ 'ബിയ'യിലൂടെ മലയാളി താരം ജനക് മനയത്ത് ശ്രദ്ധേയനാകുന്നു. സംവിധായകൻ രാജ്‌ഗോകുൽ ദാസ് ഒരുക്കിയ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് പ്രേക്ഷകശ്രദ്ധ നേടിയത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറർ ചിത്രം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ റിലീസായത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലൻ കഥാപാത്ര പരമ്പരകളെ കീഴ്‌മേൽ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം. പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ്‌ ഡേവിഡിന്റെ സ്വഭാവം. വളരെ തീവ്രവും പൈശാചികവുമായ ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രതിനായകവേഷത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ വേഷങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. അമേരിക്ക, ലണ്ടൻ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലെ തിയേറ്റർ ആർട്ടിസ്റ്റാണ് ജനക് മനയത്ത്. ഒരു പതിറ്റാണ്ടിലേറെയായി വിദേശ രാജ്യങ്ങളിൽ തിയേറ്റർ ആർട്ടിസ്റ്റായി ജോലിചെയ്തുവരികയാണ്. ഗായകൻ, ഡാൻസർ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ജനക് കഴിവ് തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 'ബിയ'യിൽ മികച്ചവേഷം ലഭിച്ചതിൽ ഏറെ സന്തോഷവാനാണ് ജനക് മനയത്ത്. വളരെ ആകസ്മികമായിട്ടാണ് താൻ ബിയയിൽ അഭിനയിച്ചതെന്ന് ജനക് മനയത്ത് പറഞ്ഞു. തിയേറ്റർ പരിചയമുള്ളതുകൊണ്ട് ലഭിച്ചവേഷം തനിക്ക് അനായാസേന ചെയ്യാൻ കഴിഞ്ഞുവെന്നും ജനക് സൂചിപ്പിച്ചു. മലയാളത്തിലും തമിഴിലുമായി പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ജനക്. ലോക്ക്ഡൗണിനിടെ തമിഴ് നാട്ടിൽ തിയേറ്റർ തുറന്നതോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടിയാണ് ബിയ. ആരോമൽ സിനി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ്.സി.ആർ നിർമിച്ച ചിത്രത്തിൽ സംവിധായകൻ രാജ്‌ഗോകുൽദാസ്, ജൂബിൽ രാജൻ പിദേവ്, സാവന്തിക, അനിൽ മുരളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. പി.ആർ.ഒ: പി.ആർ.സുമേരൻ.