
തിരുവനന്തപുരം: പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടിയ ആ മണിക്കൂറുകൾ ഉദ്യേഗം നിറഞ്ഞതായിരുന്നു.
എണ്ണിത്തുടങ്ങുമ്പോൾ പതിഞ്ഞ തുടക്കമായിരുന്നു. എട്ടുമണിയുടെ ആദ്യമിനിട്ടുകളിൽ ചങ്ങനാശേരിയിലും തൃശൂർ കോർപറേഷനിലും ബി.ജെ.പി മുന്നേറിയതും മുനിസിപ്പാലിറ്രികളിൽ തപാൽ വോട്ടിൽ യു.ഡി.എഫ് മുന്നിലെത്തിയതും ഭരണവിരുദ്ധ വികാരത്തിന്റെ ലക്ഷണമാണെന്ന് പലരും ധരിച്ചെങ്കിലും മിനിട്ടുകൾക്കകം സകലതും മാറിമറിഞ്ഞു. വിവാദങ്ങളെല്ലാം ആത്മവിശ്വാസത്തോടെ മറികടന്ന ഇടതുമുന്നണി പിന്നൊരു കൊടുങ്കാറ്റായി. ആ ചെങ്കൊടിക്കാറ്റേറ്റ് വലതുകോട്ടകൾ നിലംപൊത്തി. ബി.ജെ.പിയുടെ പ്രതീക്ഷകളും കടപുഴകി.
രാവിലെ 8
ആദ്യ ലീഡ് നേട്ടം വർക്കല മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിനായിരുന്നു. പാലയിലും കൊല്ലത്തും പിന്നാലെ മുന്നേറി. തിരുവനന്തപുരം നഗരസഭയിൽ തപാൽവോട്ടെണ്ണിയപ്പോൾ തന്നെ പോരാട്ടം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്ന് സൂചനയായി. എട്ടിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും മുന്നിലെത്തിയപ്പോൾ യു.ഡി.എഫ് ചിത്രത്തിലില്ലാതെപോയി. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും തൃശൂർ കോർപറേഷനിലും എൻ.ഡി.എ ഒന്നാമതെത്തിയപ്പോൾ ചർച്ചകൾ പലവഴിക്കായി. കട്ടപ്പനയിൽ ആദ്യലീഡ് നേടി യു.ഡി.എഫ് വോട്ടെണ്ണൽ ചിത്രത്തിലേക്കുവന്നു. ലൈഫ് മിഷനിലെ വിവാദഫ്ലാറ്റ് പദ്ധതിയുള്ള വടക്കാഞ്ചേരിയിൽ യു.ഡി.എഫ് മുന്നേറി. എട്ടരയോടെ ആദ്യവിജയം പാലായിൽ എൽ.ഡി.എഫ് നേടി. പിന്നാലെ മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിന് ലീഡ്.
രാവിലെ 8.40
ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ചൂടേറിയ മണിക്കൂർ. മൂന്ന് കോർപറേഷനുകളിൽ യു.ഡി.എഫ് മുന്നിലെത്തുകയും 41വീതം പഞ്ചായത്തുകളിൽ ലീഡെടുത്ത് ഇടത്, വലത് മുന്നണികൾ ഉശിരുകാട്ടുകയുംചെയ്തു. ചങ്ങനാശേരിയിൽ എൻ.ഡി.എയെ മറികടന്ന് എൽ.ഡി.എഫ് ലീഡ് തിരിച്ചുപിടിച്ചു. മുനിസിപ്പാലിറ്രികളിലെ ലീഡ് നില പ്രവചനാതീതമായി മാറിമറിഞ്ഞു. 8.50ന് കൊച്ചി കോർപറേഷനിലെ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ.വേണുഗോപാൽ ഒരു വോട്ടിന് ബി.ജെ.പിയോട് പരാജയപ്പെട്ടതായിരുന്നു ആദ്യട്വിസ്റ്റ്. ഷോർണൂരിൽ ഒന്നാമതെത്തി ബി.ജെ.പി നഗരസഭകളിൽ ആദ്യമായി ലീഡെടുത്തു. വോട്ടെണ്ണൽ 51ാം മിനിട്ടായപ്പോൾ 100പഞ്ചായത്തുകളിൽ ലീഡുയർത്തി യു.ഡി.എഫ് ഞെട്ടിച്ചു.
രാവിലെ 9
തിരുവനന്തപുരം കോർപറേഷനിൽ ഇരുപത് ഡിവിഷനുകളിൽ എൽ.ഡി.എഫ് മുന്നേറ്റം. ആർ.എം.പിയുടെ ശക്തികേന്ദ്രങ്ങളായ ചോറോട്, അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകളിൽ മുന്നേറിയ എൽ.ഡി.എഫ്, യു.ഡി.എഫുമായി സഖ്യമുണ്ടാക്കി മത്സരിച്ച ആർ.എം.പിയിൽ നിന്ന് വാർഡുകൾ പിടിച്ചെടുത്തു. മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിന്റെ വൻ മുന്നേറ്റം. ഒമ്പതേകാലായപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 11ഡിവിഷനുകളിൽ മുന്നേറി എൻ.ഡി.എ ഇടതുമുന്നണിയുടെ നെഞ്ചിടിപ്പ് കൂട്ടി. ജില്ലാ പഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച്. ഒമ്പതരയോടെ 250പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നേറ്റം.
രാവിലെ 9.30
വൻമരങ്ങൾ കടപുഴകിത്തുടങ്ങി. കോഴിക്കോട് കോർപറേഷനിലെ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി അജിതയും അങ്കമാലി നഗരസഭാദ്ധ്യക്ഷയായിരുന്ന ഗ്രേസിയും വീണു. പെരിയ ഇരട്ടക്കൊലപാതകമുണ്ടായ കല്യോട്ട് വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ജോസ്, ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടിയ പാലായിലെ വാർഡുകളിൽ വിജയം ജോസിനായി. ജോസഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പരാജയപ്പെട്ടു. ആലപ്പുഴ നഗരസഭ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. തൃശൂർ കോർപറേഷനിലെ സിറ്റിംഗ് സീറ്റിൽ സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്‌ണന്റെ തോൽവി ബി.ജെ.പിയെ ഞെട്ടിച്ചു.
രാവിലെ 10
350 പഞ്ചായത്തുകളിൽ ലീഡ് ഉയർന്നതോടെ എൽ.ഡി.എഫിന് മേൽക്കൈയായി. പത്ത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോർപറേഷനുകളിലും 88 ബ്ലോക്കുകളിലും ഇടതിന് ലീഡായി. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലെല്ലാം ഇടതു മുന്നേറ്റം. ഇതിനിടയിൽ, കണ്ണൂർ നഗരസഭയിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. കിഴക്കമ്പലത്ത് ട്വന്റി 20യുടെ വൻമുന്നേറ്റം. പാലായ്ക്ക് പുറമെ തൊടുപുഴയിലും ജോസ് മുന്നേറി. പട്ടാമ്പിയിൽ വി ഫോർ പട്ടാമ്പിയെന്ന കൂട്ടായ്മയിൽ മത്സരിച്ച ആറ് കോൺഗ്രസ് വിമതർ വിജയക്കൊടി പാറിച്ചു. ജോസ് കെ.മാണിയുടെ ചിറകിലേറി പത്തേമുക്കാലോടെ, പാലാ നഗരസഭ എൽ.ഡി.എഫ് പിടിച്ചെടുത്തു.
രാവിലെ 11
തിരുവനന്തപുരം കോർപറേഷനിൽ മേയർ കെ.ശ്രീകുമാറും എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥികളായ ഒലീനയും പുഷ്പലതയും പരാജയപ്പെട്ടു. 445 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നേറിയതോടെ, ഐതിഹാസിക വിജയമെന്ന് അവകാശപ്പെട്ട് കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. അനായാസ വിജയമെന്ന് യു.ഡി.എഫ് കണക്കാക്കിയ കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമായി. വർക്കലയിൽ എൻ.ഡി.എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ തൊടുപുഴയിൽ ജോസഫ് വിഭാഗം തകർന്നടിഞ്ഞു. ഇടതുസ്ഥാനാർത്ഥിക്ക് ഒരുവോട്ടുപോലും നൽകാതെ, കൊടുവള്ളിയിൽ ഇടതുപിന്തുണ പിൻവലിച്ച് കാരാട്ട് ഫൈസൽ ജയിച്ചുകയറിയത് അപ്രതീക്ഷിത ക്ലൈമാക്സായി. പതിനൊന്നരയോടെ കൊച്ചി കോർപറേഷനിൽ ഇടതുമുന്നണി ലീഡ് നേടി. പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ 33-24 എന്ന നിലയിൽ എൽ.ഡി.എഫ്, എൻ.ഡി.എ പോരാട്ടം.
ഉച്ചയ്ക്ക് 12
ഇടതുമുന്നേറ്റം വ്യക്തമായി. 500പഞ്ചായത്തുകളിൽ ലീഡ്. തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷം ഉറപ്പായി. കോൺഗ്രസിൽ ആഭ്യന്തര കലഹമുണ്ടാക്കിയ കോഴിക്കോട് കല്ലാമലയിൽ എൽ.ഡി.എഫ് വൻവിജയം നേടി. എല്ലാ പാർട്ടികളും ഒന്നിച്ചെതിർത്തിട്ടും ട്വന്റി 20കൂട്ടായ്മ നാല് പഞ്ചായത്തുകളിൽ ഭരണംപിടിച്ച് തിരഞ്ഞെടുപ്പിലെ അദ്ഭുതമായി. കൊച്ചി, തൃശൂർ കോർപറേഷനുകളിലെ പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീണ്ടു. കാൽനൂറ്റാണ്ടിനു ശേഷം പുതുപ്പള്ളി എൽ.ഡി.എഫ് പിടിച്ചെടുക്കുന്നതും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം കോർപറേഷനുകളിൽ ഇടതു തുടർഭരണം വരുന്നതും പിന്നീട് കേരളം കണ്ടു.