election

കൊച്ചി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനൊപ്പം ചൂടുപിടിച്ചത് മൊബെെൽ ഫോണുകൾക്കാണ്. തത്സമയം ഫലമറിയാൻ ജനങ്ങൾ ഏറെയും ആശ്രയിച്ചത് സ്‌മാർട്ട് ഫോണുകളെ. മുമ്പ് ടെലിവിഷനായിരുന്നു വിവരങ്ങൾ അറിയാനുള്ള പ്രധാന ആശ്രയം. ടി.വിക്ക് മുന്നിലുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പ് ഫലപ്രഖ്യാപന ദിവസത്തെ പതിവു കാഴ്ചയായിരുന്നു. തിരക്കിട്ടുള്ള തിരച്ചിൽ ഇപ്പോൾ മൊബെെൽ ഫോണിലൂടെയാണ്. നിൽക്കുന്നിടത്ത് തന്നെ തത്സമയം ഫലമറിയാൻ മൊബെെൽ തന്നെ ധാരാളം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ട്രെൻഡ് വെബ്സെെറ്റും ആപ്പും കാര്യങ്ങളെല്ലാം എളുപ്പമാക്കി.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം തരംതിരിച്ച് ലഭിച്ചു. പി.ആർ.ഡി ലെെവ് മൊബെെൽ ആപ്പിലൂടെയും തത്സമയം ഫലം ജനങ്ങളിലെത്തിച്ചു. തിരക്കുകൂടിയാലും ആപ്പിലൂടെ ഫലമറിയാൻ തടസം നേരിടാതിരിക്കാൻ ഓട്ടോ സ്കെയിലിംഗ് സംവിധാനവും ക്രമീകരിച്ചിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മൊബെെൽ ഫോണുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. ഫലമറിയാനും ആശംസകൾ അറിയിക്കാനും മൊബെെൽ ഫോണുകൾ തന്നെയായിരുന്നു ആശ്രയമെന്നാണ് ജനങ്ങളുടെ പ്രതികരണം. സാമൂഹ്യമാദ്ധ്യമങ്ങളുടെ ഉപയോഗവും വർദ്ധിച്ചതിനാൽ വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ വിരൽതുമ്പിൽ ലഭിച്ചു.