കല്ലമ്പലം:കരവാരം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അട്ടിമറി വിജയം നേടി. 18 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപതിലും വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ബി.ജെ.പി ഇനി അധികാരത്തിലെത്തും. 2015-ൽ 10 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് ഇത്തവണ അഞ്ചായി ചുരുങ്ങി. അഞ്ചു സീറ്റുകൾ നേടിയ യു.ഡി.എഫ് മൂന്നായി ചുരുങ്ങി. എസ്.ഡി.പി.ഐ രണ്ടു സീറ്റുകൾ നിലനിറുത്തി. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും വിജയം ഉറപ്പിക്കാൻ കഴിയാതിരുന്ന ബി.ജെ.പിയാണ് 9 വാർഡിൽ ഭൂരിപക്ഷം നേടി ഇത്തവണ അധികാരത്തിലെത്തുന്നത്. വാർഡ് 1 - ൽ എസ്.ഉല്ലാസ് കുമാറും, 5 - ൽ എസ്.ബിജുവും, 6 -ൽ എസ്.ചിന്നുവും, 9 - ൽ ലതിക പി.നായരും, 10 - ൽ വി.ഷിബുലാലും, 11 - ൽ എസ്.ആതിരയും, 12 - ൽ സിന്ധു ടീച്ചറും, 16 - ൽ എം.തങ്കമണിയും, 18 - ൽ ജി.വത്സലയുമാണ് വിജയിച്ചത്. വിജയികളെ ബി.ജെ.പി സംസ്ഥാന സമിതിയംഗം തോട്ടയ്ക്കാട് ശശി അനുമോദിച്ചു. വിജയിച്ച മറ്റു പാർട്ടികളിലെ സ്ഥാനാർത്ഥികൾ: എൽ.ഡി.എഫ് : വാർഡ് 2 - ൽ ആർ.ലോകേഷ്, 3 -ൽ സജീർ രാജകുമാരി, 7 - ൽ ഫാൻസി വിഷ്ണു, 14 - ൽ ദീപ്തി മോഹൻ, 17 - ൽ ദീപ പങ്കജാക്ഷൻ. യു.ഡി.എഫ് : വാർഡ് 8- ൽ ഇന്ദിരാ സുദർശനൻ, 15 - ൽ എം.കെ ജ്യോതി. എസ്.ഡി.പി.ഐ : വാർഡ് 4 - ൽ ഹുസൈൻ, 13 - ൽ അബ്ദുൽ കരീം.