1

തിരുവനന്തപുരം: പ്രതീക്ഷകൾ തകർന്നുവീണപ്പോൾ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ മ്ളാനമായി. ടെലിവിഷനു മുന്നിൽ സ്ഥാനം പിടിച്ചിരുന്ന പല നേതാക്കളും വോട്ടെണ്ണൽ തുടങ്ങി മിനിട്ടുകൾക്കുള്ളിൽ തടിതപ്പി. ചിലർ ഫോൺ വിളികളിൽ മുഴുകി. മറ്റു ചിലർ വോട്ടു ചോർച്ച ചർച്ചയാക്കി ഒതുങ്ങിക്കൂടി. സിറ്റിംഗ് സീറ്റുകളും കൈവിട്ടതോടെ പ്രതികരണത്തിനുപോലും നേതാക്കളെ കിട്ടാതായി. സംസ്ഥാന നേതാക്കളാരും ഓഫീസിലെത്താതിരുന്നതോടെ മാദ്ധ്യമപ്പടയും കാത്തിരുന്നു മടുത്തു. തിരുവനന്തപുരം നഗരസഭ തങ്ങൾക്ക് അനുകൂലമാകുമെന്ന് ഉറച്ചു വിശ്വാസിച്ചിരുന്നവരും നിരാശയോടെ മടങ്ങി. ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുചോർച്ച രൂക്ഷമായിരുന്നു. മിക്കയിടങ്ങളിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തലസ്ഥാന നഗരസഭയിലെ സീറ്റ് 21ൽനിന്ന് 10ലേക്ക് ചുരുങ്ങിയതോടെ കന്റോൺമെന്റ് ഹൗസും മൗനത്തിലായി.

ഡി.സി.സിക്കെതിരെ വിമർശനം

‌ഡി.സി.സി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചത് വലിയ രീതിയിൽ തിരിച്ചടിയുണ്ടായെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിച്ചു. മുൻനിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥികളെ മാറ്റി നൂലിൽ കെട്ടിയിറക്കിയവർ അമ്പേ പരാജയപ്പെട്ടെന്നും ജനസമ്മതിയുള്ളവരെ അവഗണിച്ചെന്നും അവർ തുറന്നടിച്ചു. പ്രചാരണത്തിനിടെ സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ മറനീക്കി പുറത്തെത്തിയിരുന്നെങ്കിലും വോട്ടുകൾ ചോരില്ലെന്നായിരുന്നു നേതാക്കളുടെ വിശ്വാസം. എന്നാൽ ഉറച്ച സീറ്റുകളിലടക്കം യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു. ചോർന്ന വോട്ടുകളെല്ലാം എൽ.ഡി.എഫ് പെട്ടിയിലേക്ക് വീണെന്ന ആരോപണവും ഉയർന്നു.

പരാജയം അംഗീകരിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുകൾ ഇല്ലായിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാണ് നിർണയം നടത്തിയത്. വോട്ടു ചോർച്ചയും സിറ്റിംഗ് വാ‌ർഡുകളിലെ തോൽവിയും പരിശോധിക്കേണ്ടതുണ്ട്.

-നെയ്യാറ്റിൻകര സനൽ, ഡി.സി.സി പ്രസി‌ഡന്റ്