
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ കന്നിയങ്കത്തിന് ഇറങ്ങിയ തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) മികച്ച പ്രകടനം കാഴ്ചവച്ചു.14 സ്ഥാനാർത്ഥികളെയാണ് ഇത്തവണ കന്നിയങ്കത്തിനായി ഇറക്കിയത്. കിണവൂർ വാർഡിലാണ് ടി.വി.എം മികച്ച മുന്നേറ്റം കാഴ്ചവച്ചത്. ഇവിടെ 1026 വോട്ടോടെ ടി.വി.എം മൂന്നാം സ്ഥാനത്തെത്തി. കൂടാതെ കേശവദാസപുരം, കുടപ്പനക്കുന്ന്, കുറവൻകോണം, ശ്രീകണ്ഠേശ്വരം, പുഞ്ചക്കരി, കണ്ണമ്മൂല, പേട്ട തുടങ്ങിയ വാർഡുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.നഗരത്തിന്റെ വികസനത്തിന് വേണ്ടിയുണ്ടാക്കിയ മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വലിയൊരു സ്വീകാര്യതയാണ് നൽകിയെന്നും ടി.വി.എം നേതാക്കൾ പറഞ്ഞു. മത്സരിച്ച സ്ഥാനാർത്ഥികൾ എല്ലാവരും സ്വന്തം വാർഡിൽ നിന്നുള്ള സ്ഥാനാർത്ഥികളായിരുന്നു. വിദ്യാഭ്യാസ യോഗ്യതയും മറ്റുമുള്ള പ്രമുഖ മേഖലകളിലുള്ളവരായിരുന്നു സ്ഥാനാർത്ഥികൾ. തുടക്കത്തിൽ കിട്ടിയ ഈ സ്വീകാര്യത മുൻനിറുത്തി ടി.വി.എം രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. നഗരത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന മുന്നണികൾക്കെതിരെ പൂർവാധികം ശക്തിയോടെ മത്സരരംഗത്ത് വീണ്ടും തിരിച്ചു വരുമെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം, ടി.വി.എമ്മിന്റെ രംഗപ്രവേശം യു.ഡി.എഫിന് നഷ്ടമുണ്ടാക്കി. കിണവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാലാം സ്ഥാനത്താക്കി ടി.വി.എം സ്ഥനാർത്ഥി ഷീജ വർഗീസ് മുന്നാമതെത്തി. 1052 വോട്ടാണ് നേടാനായത്. യു.ഡി.എഫ് സ്ഥാനാർത്ഥി 193 വോട്ടിനാണ് പരാജയപ്പെട്ടത്. മറ്റു 13 വാർഡിൽ മത്സരിച്ച ടി.വി.എം സ്ഥാനാർത്ഥികളിൽ മറ്റാർക്കും അഞ്ഞൂറു വോട്ടിന് മുകളിൽ നേടാനായില്ല. ഇരുന്നൂറ് കടന്നത് മൂന്നിടത്താണ്. കേശവദാസപുരത്ത് 357, കുറവവൻകോണത്ത് 348, കുടപ്പനകുന്നിൽ 241 എന്നിങ്ങനെയാണ് 200ൽ കൂടുതൽ നേടിയ വാർഡുകൾ. അഞ്ചിടങ്ങളിൽ 100 വോട്ടിൽ താഴെമാത്രമാണ് നേടാനായത്. ചന്തവിള 54, തിരുമല 85, പൂജപ്പുര 66, ബീമാപള്ളി ഈസ്റ്റ് 17, പുഞ്ചക്കരി 45 ചാല വാർഡിൽ എൽ.ഡി.എഫിന്റെ മുൻ കൗൺസിലർ ഉഷസതീഷായിരുന്നു ടി.വി.എമ്മിന്റെ സ്ഥാനാർത്ഥി.