r

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും വീറോടെ പോരാടിയ തലസ്ഥാന നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ശക്തമായ ആധിപത്യം ഉറപ്പിച്ചു. അധികാരം പിടിക്കാനായില്ലെങ്കിലും ബി.ജെ.പി വീഴാതെ പിടിച്ചുനിന്നു. എന്നാൽ യു.ഡി.എഫ് കനത്ത തിരിച്ചടി ഏറ്റുവാങ്ങി.100 വാർഡുകളിലായി നടന്ന പോരാട്ടത്തിൽ എൽ.ഡി.എഫ് 52, ബി.ജെ.പി 35, യു.ഡി.എഫ് 10,സ്വതന്ത്രർ 3 എന്നിങ്ങനെയാണ് സീറ്റ് നില. 2015ൽ 43 സീറ്റ് മാത്രമായിരുന്ന എൽ.ഡി.എഫ് ഇക്കുറി കേവലഭൂരിപക്ഷം മറികടന്ന് മികച്ച വിജയം നേടി. നൂൽപ്പാലത്തിലൂടെ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ ഭരണമികവിനുള്ള അംഗീകാരം കൂടിയായി ജനവിധി മാറി. എന്നാൽ 21 സീറ്റിൽ നിന്നും 10 സീറ്റിലേക്ക് ഒതുങ്ങുന്ന ദയനീയ അവസ്ഥയിലായി യു.ഡി.എഫ് സിറ്റിംഗ് സീറ്റുകളെല്ലാം കൈവിട്ടുപോയി. തീരദേശമേഖലയിലെ പൂന്തുറ,കോട്ടപ്പുറം,ഹാർബർ എന്നീ വാർഡുകളിലാണ് സ്വതന്ത്രർ കരുത്ത് തെളിയിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ആർക്കും കേവലഭൂരിപക്ഷമുണ്ടാകില്ലെന്ന കണക്കുകൂട്ടലുകൾ ആപ്പാടെ തെറ്റിക്കുന്ന മുന്നേറ്റമാണ് എൽ.ഡി.എഫ് കാഴ്ചവച്ചത്. 22വാഡുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.ഇതിൽ 10എണ്ണം ബി.ജെ.പിയുടെയും 11എണ്ണം യു.ഡി.എഫിന്റേതുമാണ്. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ച ശ്രീകാര്യവും ഇക്കുറി എൽ.ഡി.എഫിനൊപ്പം നിന്നു. അതേസമയം 10സിറ്റംഗ് സീറ്റ് എൽ.ഡി.എഫിന് നഷ്ടമായി.ബി.ജെ.പി കഴിഞ്ഞതവണ ജയിച്ച 34 സീറ്റിൽ ഒൻപത് 11 എണ്ണം നഷ്‌ടമായപ്പോൾ പകരം 11സീറ്റ് പിടിച്ചെടുത്തു. ഇതിൽ 9എണ്ണം എൽ.ഡി.എഫിന്റെയും രണ്ടെണ്ണം യു.ഡി.എഫിന്റേതുമാണ്. സമാനതകളില്ലാത്ത തക‌ർച്ചയാണ് യു.ഡി.എഫിനുണ്ടായത്.13സീറ്റ് നഷ്ടമായപ്പോൾ നാല് സീറ്ര് മാത്രമാണ് പിടിച്ചെടുക്കാനായത്. യു.ഡി.എഫിന് നഷ്ടമായ 11സീറ്റ് എൽ.ഡി.എഫ് നേടിയപ്പോൾ രണ്ടെണ്ണമാണ് ബി.ജെ.പിക്ക് ലഭിച്ചത്. സ്വതന്ത്രൻമാർ ജയിച്ച മൂന്നുവാർഡിൽ രണ്ടെണ്ണം യു.ഡി.എഫിന്റെയും ഒരെണ്ണം എൽ.ഡി.എഫിന്റേതുമാണ്. വിമതൻമാരും മുന്നണിയിലെ കലഹവും അടുത്തിടെ രൂപംകൊണ്ട തിരുവനന്തപുരം വികസനമുന്നണിയും യു.ഡി.എഫിന്റെ വിജയത്തിന് പല വാർഡുകളിലും തടയിട്ടു.

വിജയത്തിളക്കം

ചില നിർണായക വാർഡുകൾ പിടിച്ചെടുത്തതിലൂടെ മൂന്നു മുന്നണികളും അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ദയനീയ പരാജയമേറ്റുവാങ്ങി യു.ഡി.എഫിന്റെ വിജയങ്ങളിൽ തിക്കമുള്ളത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടുന്ന കുന്നുകുഴി വാ‌ർഡിലേതാണ്. ഇക്കുറി മേയർ സ്ഥാനത്തേക്ക് സി.പി.എം പരിഗണിച്ചിരുന്ന എ.ജി.ഒലീനയെയാണ് മേരി പുഷ്‌പം.എ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനത്തേക്ക് സാദ്ധ്യതയുണ്ടായിരുന്ന പു‌ഷ്പലതയെ നെടുങ്കാട് വാർഡിൽ പരാജയപ്പെടുത്തി ബി.ജെ.പിയെ കരമന അജിത്തും അപ്രതീക്ഷിത വിജയം നേടി. ഇടതുമുന്നണിയുടെ ഉറച്ച സീറ്റുകളായ ശാസ്തമംഗലം പുന്നയ്ക്കാമുഗൾ തുടങ്ങിയ വാർഡുകൾ ബി.ജെ.പിക്കൊപ്പം നിന്നു. യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന ക്രൈസ്തവ വോട്ടുകൾ നിർണായകമായ കേശവദാസപുരം,​വെട്ടുകാട്,​വലിയതുറ എന്നിവ പിടിച്ചെടുത്തത് എൽ.ഡി.എഫിന് കരുത്താണ്. വലിയതുറയിൽ ആദ്യമായാണ് എൽ.ഡി.എഫ് വിജയം നേടുന്നത്.ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ആറ്റുകാലും മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ബീമാപള്ളി ഈസ്റ്റും എൽ.ഡി.എഫ് സ്വന്തമാക്കി.