
തിരുവനന്തപുരം: വിജയാരവങ്ങൾ ചുവപ്പിൽ നൃത്തംവച്ച എ.കെ.ജി സെന്ററിനു മുന്നിലൂടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റേറ്റ് കാർ നമ്പർ വൺ പാഞ്ഞുവരികയാണ്. എല്ലാ കണ്ണുകളും കാറിലേക്ക്. പ്രവർത്തകരിൽ ആവേശം. കാമറാക്കണ്ണുകൾ മിന്നുന്നു. ചെങ്കൊടികൾ പാറിപ്പറക്കുന്നു. എ.കെ.ജി സെന്ററിനു മുന്നിലൂടെ കാർ കടന്നപ്പോൾ നിറഞ്ഞചിരിയോടെ മുഖ്യമന്ത്രി കൈവീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കണ്ണൂരിൽ നിന്ന് വിമാനത്തിലെത്തി ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്കുള്ള യാത്ര. വിജയത്തിന്റെ അമരക്കാരൻ നിറഞ്ഞ സംതൃപ്തിയിലായിരുന്നു.
മുഖ്യമന്ത്രിയുടെ കാറിനു പിന്നാലെ വന്ന കോടിയേരി ബാലകൃഷ്ണന്റെ വാഹനം എ.കെ.ജി സെന്ററിന് എതിർവശമുള്ള പാർട്ടി ഫ്ളാറ്റിലേക്ക് കടന്നു. എ.കെ.ജി സെന്ററിനുള്ളിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും മറ്റും ടിവിയിലൂടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണുകയാണ്. അവർക്ക് മുന്നിലേക്ക് മുൻ സ്പീക്കർ എം.വിജയകുമാർ കടന്നുവന്നു. അദ്ദേഹം ചിരിപടർത്തി നിൽക്കുമ്പോൾ തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡിൽ വിജയിച്ച ഗായത്രി ബാബുവും കണ്ണമ്മൂല വാർഡിൽ വിജയിച്ച എസ്.എസ്.ശരണ്യയും വന്നു. ഇരുവർക്കും അഭിനന്ദനങ്ങൾ ചൊരിഞ്ഞപ്പോൾ എ.കെ.ജി സെന്റർ അങ്കം ജയിച്ചതിന്റെ തിളക്കത്തിലായിരുന്നു.
മതേതര നിലപാടിനുള്ള വിജയമാണിതെന്ന് എം.എ.ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടുകൾക്കുള്ള തിരിച്ചടി. ഇത് പ്രതീക്ഷിച്ച വിജയമെന്നും ബേബി കൂട്ടിച്ചേർത്തു. വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് എ.കെ.ജി സെന്ററിലേക്കു വന്ന മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വികസനപ്രവർത്തനങ്ങൾ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കൊവിഡിന് സൗജന്യ ചികിത്സ കൊടുത്തു, അത് ജനം കണ്ടു, വോട്ടെടുപ്പിൽ പ്രതികരിച്ചു. സന്തോഷം- മന്ത്രി പറഞ്ഞു. കളവുകളും ദുഷ്പ്രചാരണങ്ങളും ജനം വിശ്വസിച്ചില്ല എന്നതിന്റെ തെളിവാണിതെന്ന് എ.വിജയരാഘവൻ പറഞ്ഞു. ആഹ്ളാദാരവങ്ങൾക്ക് നടുവിലായിരുന്ന എ.കെ.ജി സെന്ററിൽ വിജയാഘോഷമായി മധുരവും വിളമ്പി.